News

നസ്രത്തില്‍ ദൈവശാസ്ത്ര പഠനകേന്ദ്രവുമായി വിശുദ്ധ നാട്ടിലെ മെത്രാന്മാര്‍

പ്രവാചകശബ്ദം 16-09-2025 - Tuesday

ജെറുസലേം: യേശുക്രിസ്തു ബാല്യം മുതൽ പരസ്യജീവിതത്തിന്റെ തുടക്കം വരെ ജീവിച്ച നസ്രത്തിൽ ദൈവശാസ്ത്ര പഠനകേന്ദ്രവുമായി വിശുദ്ധ നാട്ടിലെ മെത്രാന്മാര്‍. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയാണ് നസ്രത്ത് നഗരത്തിലെ ഡോൺ ബോസ്കോ സലേഷ്യൻ ദേവാലയത്തോട് ചേര്‍ന്നുള്ള അനൗൺസിയേഷൻ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. വിശുദ്ധ നാട്ടിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക. ഇത്തരത്തില്‍ ഗലീലി മേഖലയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ദൈവശാസ്ത്ര പഠനകേന്ദ്രമാണ് ഇത്.

കഴിഞ്ഞ സെപ്റ്റംബർ 12 വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ഗലീലിയുടെ പാത്രിയാർക്കൽ വികാരി ഫാ. റഫീഖ് നഹ്‌റ, ഹൈഫയിലെ നസ്രത്തിലെയും ഗലീലി മേഖലകളുടെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ആർച്ച് ബിഷപ്പ് ബൊളസ് മാർക്കുസ്സോ, ആർച്ച് ബിഷപ്പ് യൂസഫ് മട്ട, ഹൈഫയിലെയും വിശുദ്ധ നാട്ടിലെയും മാരോണൈറ്റ് ആർച്ച് ബിഷപ്പ് മൂസ എൽ-ഹേഗ്, എന്നിവരും നിരവധി വൈദികരും കന്യാസ്ത്രീകളും പങ്കെടുത്തു.

കത്തോലിക്ക വിശ്വാസത്തെ അക്കാദമിക തലത്തിലും ആത്മീയ തലത്തിലും പഠിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന സ്ഥാപനം വഴി ദൈവീക വെളിപാടിന്റെയും ക്രിസ്തീയ പ്രബോധനങ്ങളുടെയും വീക്ഷണകോണിലൂടെ സമകാലിക സമൂഹം ഉയർത്തുന്ന ദൈവശാസ്ത്രപരവും ധാർമ്മികവും സാമൂഹികവുമായ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്. വിശുദ്ധ നാട്ടിൽ സ്ഥിതി ചെയ്യുന്നതിനാൽ, സ്ഥാപനം വഴി പ്രാദേശിക സഭാപാരമ്പര്യങ്ങളും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുവാന്‍ സഹായിക്കുമെന്നാണ് വിശുദ്ധ നാട്ടിലെ മെത്രാന്മാരുടെ പ്രതീക്ഷ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »