News - 2025

ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ പദ്ധതി നീതീകരിക്കാനാകില്ല: വിശുദ്ധ നാട്ടിലെ സഭാനേതൃത്വം

പ്രവാചകശബ്ദം 27-08-2025 - Wednesday

ജെറുസലേം; ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതി നീതീകരിക്കാനാവാത്തതാണെന്ന് വിശുദ്ധ നാട്ടിലെ സഭാനേതൃത്വം. ജെറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഗാസ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് സാധാരണക്കാരെ മാറ്റിപ്പാർപ്പിക്കാനുമുള്ള ഇസ്രായേൽ സർക്കാരിന്റെ ഉദ്ദേശ്യം നീതീകരിക്കാനാവാത്തതും അനാവശ്യവുമാണെന്ന് ഇന്നലെ ഓഗസ്റ്റ് 26ന് സംയുക്ത മാധ്യമ പ്രസ്താവനയിൽ സഭാനേതാക്കള്‍ പറഞ്ഞു.

സമീപ ദിവസങ്ങളിൽ, വൻതോതിലുള്ള സൈനിക നീക്കവും ആസന്നമായ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളും മാധ്യമങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും പാത്രിയർക്കീസ് ​​തിയോഫിലോസ് മൂന്നാമനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷക്കണക്കിന് സാധാരണക്കാര്‍ താമസിക്കുന്ന ഗാസ നഗരത്തിലെയും ക്രൈസ്തവ സമൂഹം വസിക്കുന്ന സ്ഥലത്തെയും ജനങ്ങളെ ഒഴിപ്പിച്ച് ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിന്നു.

ഗാസ നഗരത്തിലെ ചില ഭാഗങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ ഇതിനകം തന്നെ കൊടുത്തിട്ടുണ്ട്. കനത്ത ബോംബാക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോഴും ലഭിക്കുന്നു. 'നരകത്തിന്റെ വാതിലുകൾ തുറക്കും' എന്ന ഇസ്രായേൽ സർക്കാരിന്റെ പ്രഖ്യാപനം തീർച്ചയായും ദാരുണമായ അവസ്ഥയില്‍ എത്തിക്കുമെന്ന് ആശങ്കയുണ്ടെന്നും കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ലയും പാത്രിയർക്കീസ് ​​തിയോഫിലോസ് മൂന്നാമനും പറഞ്ഞു. പില്‍ക്കാലത്ത് വലിയ നഗരമായിരുന്ന ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സഭാനേതൃത്വം പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »