News

14 വർഷങ്ങൾക്ക് ശേഷം ഇഡ്‌ലിബിലെ ക്രൈസ്തവ കുടുംബങ്ങൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തി

പ്രവാചകശബ്ദം 06-06-2026 - Saturday

ഇഡ്ലിബ്, സിറിയ: സിറിയൻ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നു 14 വർഷം മുന്‍പ് പലായനം ചെയ്ത സിറിയയിലെ ഇഡ്‌ലിബ് ഗ്രാമപ്രദേശങ്ങളിലെ ക്രൈസ്തവ കുടുംബങ്ങൾ മടങ്ങിയെത്തി. ഹല്ലൂസ്, ബുർജ് അൽ-ഖസ്തൽ ഗ്രാമങ്ങളിൽ പില്‍ക്കാലത്ത് വസിച്ചിരിന്ന ക്രൈസ്തവ കുടുംബങ്ങളാണ് സ്വദേശത്തേക്ക് മടങ്ങിയെത്തിയത്. ലതാകിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് മോർ അത്തനേഷ്യോസ് ഫഹദ് മടങ്ങിയെത്തിയ കുടുംബങ്ങളെ സ്വാഗതം ചെയ്തു. പരമ്പരാഗത ഗാനങ്ങൾ, ഡാബ്കെ നൃത്തങ്ങൾ എന്നിവക്കൊണ്ട് ജനം മടങ്ങിവരവ് ആഘോഷമാക്കി.

കുരിശ് രൂപം ഉള്‍പ്പെടെ വിശ്വാസപരമായ പ്രതീകങ്ങള്‍ വഹിച്ചുക്കൊണ്ടായിരിന്നു പ്രദേശവാസികളുടെ മടങ്ങിവരവ്. ഹാലൂസിലെ കന്യകാമറിയത്തിന്റെ പള്ളിയിലും ബുർജ് അൽ-കസ്തലിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലും പ്രദേശവാസികള്‍ പ്രാർത്ഥനയ്ക്കായി ഒരുമിച്ച് കൂടി. യുദ്ധത്തിൽ രണ്ട് പള്ളികൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും, മേഖലയില്‍ നിന്നു കുടിയിറക്കപ്പെട്ട കൂടുതല്‍ കുടുംബങ്ങൾ പ്രദേശത്തേക്ക് തിരിച്ചുവരുമെന്നും വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമിക്കുമെന്നും വിശ്വാസികൾ പ്രതീക്ഷ പ്രകടിപ്പിച്ചു. ക്രിസ്തീയ വിശ്വാസം പ്രത്യാശയിലും പുനരുത്ഥാനത്തിലും അധിഷ്ഠിതമാണെന്ന് ചടങ്ങിൽ സംസാരിച്ച ആർച്ച് ബിഷപ്പ് അത്തനേഷ്യോസ് ഫഹദ് പറഞ്ഞു.

ഗ്രാമങ്ങൾ വീണ്ടും അവയുടെ ചൈതന്യം വീണ്ടെടുക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നത് കാണാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ജനങ്ങൾക്ക് അവരുടെ മാതൃരാജ്യത്തോടുള്ള ശക്തമായ അടുപ്പത്തിന്റെ അടയാളമായാണ് ഒരുമിച്ച് ചേരലെന്നും അദ്ദേഹം പറഞ്ഞു. പൂർവ്വികരുടെ നാടും ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രത്തിലെ പ്രധാന കേന്ദ്രവുമായതിനാൽ സിറിയ ക്രിസ്ത്യാനികൾക്ക് പ്രത്യേക പ്രാധാന്യമുള്ള ഇടമാണെന്നും പ്രദേശത്തേക്ക് മടങ്ങിയെത്തിയ വിശ്വാസികളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനു ക്രൈസ്തവ നേതൃത്വം പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. ആഭ്യന്തര യുദ്ധവും ഇസ്ലാമിക തീവ്രവാദികളും ഉയര്‍ത്തിയ വെല്ലുവിളികളെ തുടര്‍ന്നു പതിനായിരകണക്കിന് ക്രൈസ്തവരാണ് മേഖലയില്‍ നിന്നു പലായനം ചെയ്തത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »