News
സംഘർഷ ഭൂമിയിൽ പ്രത്യാശ; സൈനിക അധീനതയിലായിരുന്ന മ്യാൻമറിലെ കത്തീഡ്രൽ സഭയ്ക്ക് മടക്കി നൽകി
പ്രവാചകശബ്ദം 18-06-2026 - Thursday
ലോയ്കാവ്: ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന മ്യാൻമറിൽ കത്തോലിക്ക സഭയ്ക്കു പുതു പ്രതീക്ഷ പകര്‍ന്നു സൈനികരുടെ അധീനതയിലായിരുന്ന കത്തീഡ്രല്‍ ദേവാലയവും അനുബന്ധ കേന്ദ്രവും തിരികെ ലഭിച്ചു. ലോയ്കാവിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലും അനുബന്ധ പാസ്റ്ററൽ കേന്ദ്രവുമാണ് സഭയ്ക്ക് തിരിച്ചുകിട്ടിയത്. 2023 നവംബർ മുതൽ സൈനികരുടെ അധീനതയിലായിരുന്ന ദേവാലയമാണ് ഇപ്പോൾ രൂപതയ്ക്ക് തിരികെ ലഭിച്ചിരിക്കുന്നത്. 2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറിയെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷകാലത്ത് കത്തീഡ്രൽ സമുച്ചയം സൈനിക താവളമായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരിന്നു.
കത്തീഡ്രൽ തിരികെ ലഭിച്ചതിൽ ലോയ്കാവ് രൂപതാധ്യക്ഷൻ ബിഷപ്പ് സെല്‍സോ ഷ്വേ സന്തോഷവും നന്ദിയും രേഖപ്പെടുത്തി. ഭരണകൂട നടപടി പ്രാദേശിക കത്തോലിക്കാ സമൂഹത്തിന് വലിയ പ്രത്യാശയുടെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ദേവാലയവും പാസ്റ്ററൽ കേന്ദ്രവും പൂർണമായും പ്രവർത്തനക്ഷമമാകാൻ വിപുലമായ അറ്റകുറ്റപ്പണികൾ ഇപ്പോഴും ആവശ്യമാണെന്നും വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പാസ്റ്ററൽ കേന്ദ്രത്തിൽ ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളോടൊപ്പമാണ് തന്റെ ശുശ്രൂഷ തുടരുന്നതെന്നും ബിഷപ്പ് പറയുന്നു.
യുദ്ധത്തെ തുടർന്ന് പല കുടുംബങ്ങളും പ്രദേശം വിട്ടുപോയിരുന്നെങ്കിലും വിശ്വാസികൾ ക്രമേണ മടങ്ങിയെത്തി തുടങ്ങിയിട്ടുണ്ടെന്ന് രൂപത അറിയിച്ചു. ഇതോടെ വിശുദ്ധ കുര്‍ബാനയും മറ്റ് കൂദാശകളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോയ്കാവ് രൂപതയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ആളുകൾ വിവിധ ക്യാമ്പുകളിലായി കുടിയൊഴിപ്പിക്കപ്പെട്ടവരായി കഴിയുന്നുണ്ടെന്ന് ബിഷപ്പ് പറയുന്നു. അഭയാർഥി ക്യാമ്പുകളും ചിതറിക്കിടക്കുന്ന സമൂഹങ്ങളും അദ്ദേഹം പതിവായി സന്ദർശിക്കുന്നുണ്ട്. നിരവധി ഇടവകകൾ ഇപ്പോഴും ശൂന്യമായ നിലയിലാണ്.
വൈദികരും പാസ്റ്ററൽ പ്രവർത്തകരും കുടിയൊഴിപ്പിക്കപ്പെട്ടവരോടൊപ്പം താമസിച്ചുകൊണ്ട് അവരുടെ ദുരിതങ്ങൾ പങ്കുവയ്ക്കുകയും ആത്മീയ പിന്തുണ നൽകുകയും ചെയ്യുന്നു. ക്യാമ്പുകളിലെ സഭയുടെ സാന്നിധ്യം മിഷ്ണറി ശുശ്രൂഷയുടെ രൂപമാണെന്നും ബിഷപ്പ് പറഞ്ഞു. പട്ടാള ഭരണകൂടത്തിന്റെ കർശന ഭരണം തീർത്ത ഇരുമ്പുമറയ്ക്കുള്ളിൽ മ്യാൻമറിലെ ദുരിതങ്ങൾ ലോകമറിയാതെ പോകുകയാണെന്നു വിവിധ രാജ്യാന്തര നിരീക്ഷകര്‍ വെളിപ്പെടുത്തിയിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















