India - 2026

ഇന്ത്യയുടെ 'മാർച്ച് ഫോർ ലൈഫ്' ചെന്നൈയിൽ

പ്രവാചകശബ്ദം 03-08-2026 - Monday

ചെന്നൈ: ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ മനുഷ്യ ജീവന്റെയും പവിത്രതയും അന്തസ്സും സംരക്ഷിക്കണമെന്ന സന്ദേശവുമായി ഇന്ത്യയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ദേശീയ 'മാർച്ച് ഫോർ ലൈഫ്' സമ്മേളനത്തിനും റാലിയ്ക്കും ഇത്തവണ ചെന്നൈ വേദിയാകും. ഓഗസ്റ്റ് 8, 9 തീയതികളിലാണ് പരിപാടി നടക്കുക. കരുണയിലും നീതിയിലും അധിഷ്ഠിതമായ ജീവൻ അനുകൂല സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ ആതിഥേയത്വത്തിൽ ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളേജില്‍ പരിപാടികൾ നടക്കുന്നത്.

പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 8-ന് മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ നേതൃത്വത്തിൽ 'റൺ ഫോർ ലൈഫ് 2026 – 5K' മിനി മാരത്തൺ സംഘടിപ്പിക്കും. ചെന്നൈ നേപ്പിയർ ബ്രിഡ്ജിൽ നിന്ന് രാവിലെ 5.30-ന് ആരംഭിക്കുന്ന മാരത്തൺ 'ജീവനോട് യെസ് പറയൂ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് നടക്കുക. മാരത്തണിന് ശേഷം ദിവ്യകാരുണ്യ ആരാധന, പ്രോ-ലൈഫ് പ്രദർശനത്തിന്റെ ഉദ്ഘാടനം, വൈകുന്നേരം കോളേജ് ക്യാമ്പസിൽ ജെറീക്കോ മാർച്ച് എന്നിവ നടക്കും. ഓഗസ്റ്റ് 9-ന് രാവിലെ 10-ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന യുവജന സംഗമം നടക്കും. ഉച്ചകഴിഞ്ഞ് പൊതുസമ്മേളനവും തുടർന്ന് ജീവന്റെ സംരക്ഷണത്തിനായുള്ള പ്രോ-ലൈഫ് മാർച്ചും സംഘടിപ്പിക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മെത്രാന്മാരുടെയും വൈദികരുടെയും കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ സമ്മേളനം സമാപിക്കും. മനുഷ്യജീവന്റെ പവിത്രതയും അന്തസ്സും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ദേശീയ 'മാർച്ച് ഫോർ ലൈഫ്' സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മറ്റൊരു പകര്‍പ്പാണ് ഭാരതത്തിലും നടത്താനിരിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »