News
വിശുദ്ധ കുർബാനയാണ് സഭയുടെ ജീവശക്തി: മൂല്യത്തെ തിരിച്ചറിയണമെന്ന് പാപ്പ
പ്രവാചകശബ്ദം 07-07-2026 - Tuesday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുർബാനയാണ് സഭയുടെ ജീവശക്തിയെന്നും വിശ്വാസജീവിതത്തിന്റെ കേന്ദ്രമെന്നും ലെയോ പാപ്പ. അമേരിക്കയില്‍ നടന്നു വരികയായിരിന്ന ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന്റെ സമാപന പരിപാടിയിലേക്ക് നൽകിയ തന്റെ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. അമേരിക്കയുടെ ഇരുന്നൂറ്റിയൻപതാം സ്ഥാപന വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ തീർത്ഥാടനം രാജ്യത്തിന്റെ ഐക്യത്തിനും നവീകരണത്തിനും ഉപകരിക്കട്ടെയെന്ന് ആശംസിച്ചു. ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹത്തിലും അടുപ്പത്തിലും ആഴപ്പെട്ട് വിശ്വാസ നവീകരണം നടത്താൻ പാപ്പ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ സമ്പന്നമായ വിശ്വാസപാരമ്പര്യത്തിന്റെ ഭാഗമായിത്തീർന്ന ദിവ്യകാരുണ്യഭക്തി പുതുതതലമുറകൾക്ക് പ്രചോദനമായി തുടരട്ടെയെന്ന് ആശംസിച്ച പാപ്പ, കുടുംബങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ കേന്ദ്രീകൃതമായ വിശ്വാസജീവിതം വളർത്തിയെടുക്കാനും ആഹ്വാനം ചെയ്തു. ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന എന്നിവ വിശ്വാസികളുടെ ആത്മീയയാത്രയ്ക്ക് ശക്തിയും പോഷണവും നൽകുന്നവയാണെന്നും സഭയുടെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും സുവിശേഷ പ്രഘോഷണ ദൗത്യത്തിനും ദിവ്യകാരുണ്യത്തിൽ നിന്നാണ് ശക്തി ലഭിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു.
ഇത്തരുണത്തിൽ സുവിശേഷപ്രഘോഷണം ശക്തമായി തുടരേണ്ടതിനുള്ള സഭയുടെ ഉത്തരവാദിത്വവും പ്രത്യേകമായി പരാമർശിച്ചു. ദിവ്യകാരുണ്യഭക്തിയുമായി ബന്ധപ്പെട്ട ഈ തീർത്ഥാടനം, സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ നട്ട് ജീവിക്കാനും, വിശുദ്ധ കുർബാനയെന്ന വലിയ ദാനത്തിന്റെ മൂല്യം തിരിച്ചറിയുന്നതിനും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. തീർത്ഥാടനങ്ങൾക്ക് യഹൂദ, ക്രൈസ്തവ പാരമ്പര്യങ്ങളിലുള്ള പ്രാധാന്യവും പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ടായിരം മൈലുകള്‍ നീണ്ട ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















