News

ക്രൈസ്തവ സ്നേഹത്തിന്റെ കരുതലുമായി ക്യൂബയിലെ ദുരിതബാധിതർക്കു അരികിൽ കത്തോലിക്ക സംഘടന

പ്രവാചകശബ്ദം 10-08-2026 - Monday

ഹവാന: ഭക്ഷണവും അടിസ്ഥാന ആവശ്യസാധനങ്ങളും ഉള്‍പ്പെടെയുള്ളവ അന്യമായ ക്യൂബൻ കുടുംബങ്ങൾക്കു സഹായവുമായി കത്തോലിക്ക സംഘടനയായ കാരിത്താസ്. രാജ്യത്തു വെല്ലുവിളി ഉയര്‍ത്തിയ ദീർഘകാല സാമ്പത്തിക പ്രതിസന്ധിക്കിടയിലും, ഏറ്റവും ദുർബലമായ സാഹചര്യങ്ങളിൽ കഴിയുന്നവർക്കായി 'കാരിത്താസ് ക്യൂബ'യുടെ ആഭിമുഖ്യത്തിലാണ് സഹായം ലഭ്യമാക്കുന്നത്. ക്യൂബയ്ക്കുള്ള സഹായത്തിൽ 100 ​​ദശലക്ഷം യുഎസ് ഡോളറിന്റെ മാനുഷിക സഹായനിധിയും ഉൾപ്പെടുന്നു. ഇതിൽ 60 ദശലക്ഷം ഡോളർ 'കാരിത്താസ് ക്യൂബ' വഴിയും 'കാത്തലിക് റിലീഫ് സർവീസസി'ന്റെ (CRS) ലോജിസ്റ്റിക് പിന്തുണയോടെയുമാണ് വിതരണം ചെയ്യുന്നത്.

പിനാർ ഡെൽ റിയോ രൂപതയുടെ നേതൃത്വത്തിലാണ് സഹായ വിതരണത്തിന്റെ ഏകോപനം. ജീവൻ രക്ഷിക്കുക, ദുരിതം ലഘൂകരിക്കുക, മാനുഷിക അന്തസ്സ് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ മാത്രം മുൻനിർത്തി അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്നവർക്കാണ് സഹായം ലഭ്യമാക്കുന്നതെന്നു ബിഷപ്പ് ജുവാൻ ഡി ഡിയോസ് ഹെർണാണ്ടസ് റൂയിസ് പറഞ്ഞു. ഭക്ഷണ വിതരണത്തിനും ശുദ്ധജല ലഭ്യതയ്ക്കും വേണ്ടിയാണ് സഹായം പ്രധാനമായും നല്‍കി വരുന്നതെന്നു ബിഷപ്പ് ഹെർണാണ്ടസ് റൂയിസ് വ്യക്തമാക്കി.

രാജ്യം അനുഭവിക്കുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ക്യൂബൻ ബിഷപ്പുമാരുടെ പ്രസിഡന്റ് മോൺസിഞ്ഞോർ മാർസെലോ ഗൊൺസാലസ് അമഡോർ കഴിഞ്ഞ മെയ് മാസത്തില്‍ രംഗത്ത് വന്നിരിന്നു. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലായെന്ന വെളിപ്പെടുത്തലുമായി നിരവധി പേരാണ് ഇടവകകളിലേക്ക് എത്തുന്നതെന്നു പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ദശാബ്ദങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും, അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്‌ഥയും ഉള്‍പ്പെടെ ക്യൂബയുടെ നിലവിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ക്യൂബയിലേക്ക് 6 മില്യൺ ഡോളറിന്റെ സഹായം അമേരിക്ക, കത്തോലിക്ക സഭ മുഖേന വിതരണം ചെയ്തിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »