News
ദുരന്തമുഖത്ത് 'പ്രാർത്ഥനയെന്ന ആയുധം' കൈവിടരുത്: സുഡാൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 10-08-2026 - Monday
വത്തിക്കാന്‍ സിറ്റി: വടക്കൻ ആഫ്രിക്കയിലെ സുഡാനിൽ തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. സുഡാനീസ് സായുധ സേനയും, അർദ്ധമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടം സാധാരണക്കാരായ സുഡാനിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് പറഞ്ഞ പാപ്പ, സമാധാനത്തിനായിയുള്ള ആഹ്വാനം ആവര്‍ത്തിച്ചു. ഇന്നലെ ഓഗസ്റ്റ് ഒൻപതാം തീയതി, വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഒന്നര ലക്ഷത്തിലധികം ആളുകൾ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. സാധാരണക്കാർ കൂട്ടക്കൊല ചെയ്യപ്പെടുകയും, രാജ്യം വൻ ക്ഷാമത്തിലേക്കും, ആരോഗ്യരംഗം വെല്ലുവിളികളിലേക്കും തള്ളപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. സുഡാനിലെ, പ്രത്യേകിച്ച് വടക്കൻ കോർദോഫാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ 'എൽ-ഒബെയ്ദ്' നഗരത്തിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സുഡാനിലെ ജനങ്ങളോടുള്ള തന്റെ ആത്മീയ സാമീപ്യം അറിയിച്ച പാപ്പ, പ്രാദേശിക - അന്തർദേശീയ ഭരണാധികാരികളോട് സമാധാന അഭ്യർത്ഥന നടത്തുകയും ചെയ്തു.
പൗരന്മാർക്ക് സഹായമെത്തിക്കുന്നതിനായി മാനുഷിക ഇടനാഴികൾ ഉറപ്പാക്കണമെന്ന് ഞാൻ ഭരണാധികാരികളോട് വീണ്ടും അഭ്യർത്ഥിക്കുന്നു. അതോടൊപ്പം, സുഡാനിൽ ഉടനടി വെടിനിർത്തൽ നടപ്പിലാക്കാൻ ആവശ്യമായ പരിശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം പൂർണ്ണ പിന്തുണ നൽകണമെന്നും ആഹ്വാനം ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു. ഈ ദുരന്തമുഖത്ത് പ്രാർത്ഥനയെന്ന 'ആയുധം' കൈവിടരുതെന്ന് അദ്ദേഹം ക്രൈസ്തവരെ ഓര്‍മ്മിപ്പിച്ചു. "കഷ്ടത അനുഭവിക്കുന്നവരെ ദൈവം താങ്ങുന്നതിനായും, അക്രമം വിതയ്ക്കുന്നവരുടെ ഹൃദയപരിവർത്തനത്തിനായും, രാജ്യം കാത്തിരിക്കുന്ന സമാധാനം കൈവരുന്നതിനായും നമുക്ക് പ്രാർത്ഥിക്കാമെന്നും" പാപ്പ പറഞ്ഞു.
2023 ഏപ്രിലിൽ ആരംഭിച്ച സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) തമ്മിലുള്ള യുദ്ധം ഇപ്പോള്‍ കൊർദോഫാൻ, ഡാർഫർ, ബ്ലൂ നൈൽ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ രൂക്ഷമാണ്. കൂട്ടക്കൊലകൾ, വംശീയ ആക്രമണങ്ങൾ, വിവിധ തരത്തിലുള്ള ക്രൂരതകൾ എന്നിവയെ തുടര്‍ന്നു ആയിരകണക്കിന് നിരപരാധികള്‍ക്കാണ് ജീവന് നഷ്ട്ടമായിരിക്കുന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















