News

ഗിനി ബിസാവുവിൽ ഇസ്ലാം മതപണ്ഡിതന്റെ മകൾ കത്തോലിക്ക സന്യാസിനിയായി

പ്രവാചകശബ്ദം 19-08-2026 - Wednesday

ബിസാവു: വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ ഗിനി-ബിസാവുവിൽ പ്രമുഖ ഇസ്ലാം മതപണ്ഡിതന്റെ (ഇമാം) മകൾ കത്തോലിക്ക സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്തു. ഇരുപത്തിയേഴ് വയസ്സുള്ള ഐഷ സെറ്റിമിയ കാന്തെയാണ് സിസ്റ്റേഴ്സ് ഓഫ് ദ ഡിവൈൻ സ്പിരിറ്റ് (CDS) സന്യാസ സമൂഹത്തിൽ പ്രഥമ വ്രതവാഗ്ദാനം നടത്തിയത്. ഓഗസ്റ്റ് 15-ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനത്തില്‍ ബിസാവു രൂപതയിൽ നടന്ന ചടങ്ങുകളില്‍ ബിഷപ്പ് എമരിറ്റസ് ജോസ് കാമ്നേറ്റ് നാ ബിസിൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

സമർപ്പിത ജീവിതം എന്നത് ഒരു വ്യക്തിഗത താല്പര്യമല്ലെന്നും മറിച്ച് ദൈവത്തിന്റെ ദൗത്യമാണെന്നു ചടങ്ങിൽ സംസാരിച്ച ബിഷപ്പ് ജോസ് കാമ്നേറ്റ് ഓർമ്മിപ്പിച്ചു. ദൈവമാതാവായ മറിയത്തെ ദൈവവിളിയുടെ മാതൃകയായി സ്വീകരിക്കാനും അദ്ദേഹം നവസന്യാസിനിയോട് ആഹ്വാനം ചെയ്തു. ദൈവം തന്നെ വിളിക്കുകയും തിരഞ്ഞെടുക്കുകയും ഈ നിമിഷം വരെ താങ്ങിനിർത്തുകയും ചെയ്തതിന് നന്ദി പറയുകയാണെന്ന് വ്രതവാഗ്ദാനത്തിന് ശേഷം ഐഷ പ്രതികരിച്ചു. അത്യധികം സന്തോഷവും കൃതജ്ഞതയും നിറഞ്ഞ നിമിഷമാണിതെന്നും അവർ പറഞ്ഞു.

സഫിം സ്വദേശിയായ ഐഷ മുസ്ലിം കുടുംബ പശ്ചാത്തലത്തിൽ ജനിച്ചു വളര്‍ന്ന വ്യക്തിയാണ്. പിതാവ് ഇമാമായിരിന്നു. ക്രിസ്തു വിശ്വാസത്താല്‍ ആകൃഷ്ട്ടയായ അവള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിസാവു രൂപതയിലെ ഔവർ ലേഡി ഓഫ് ഗ്രേസ് ഫരീം ഇടവകയിൽ നിന്നാണ് മാമോദീസ സ്വീകരിച്ചത്. തുടർന്ന് സെന്റ് ആൻസ് മൻസോവ ഇടവകയിൽ നിന്ന് സ്ഥൈര്യലേപനം സ്വീകരിക്കുകയായിരിന്നു.

ഇതിന് പിന്നാലെയാണ് സന്യാസ ജീവിതത്തിലേക്കു പ്രവേശിക്കുവാനുള്ള തീരുമാനമെടുത്തത്. വൈകാതെ സിസ്റ്റേഴ്സ് ഓഫ് ദ ഡിവൈൻ സ്പിരിറ്റ് സമൂഹത്തില്‍ അംഗമാകുകയായിരിന്നു. അതേസമയം ഇസ്ലാം മതപണ്ഡിതന്റെ മകൾ കത്തോലിക്കാ സന്യാസിനിയായ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഐഷയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടക്കുകയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »