News - 2026

ആണവ പരീക്ഷണങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു: യുഎന്‍ യോഗത്തില്‍ വത്തിക്കാന്‍

പ്രവാചകശബ്ദം 03-09-2026 - Thursday

ന്യൂയോർക്ക്: ആണവ പരീക്ഷണങ്ങളുടെ ദീർഘകാല പ്രത്യാഘാതങ്ങളിൽ നിന്ന് നിലവിലെയും ഭാവിയിലെയും തലമുറകളെ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് വത്തിക്കാന്‍. ആണവ പരീക്ഷണങ്ങൾക്കെതിരായ അന്താരാഷ്ട്ര ദിനം ആചരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായുള്ള ഐക്യരാഷ്ട്ര സഭയുടെ ഉന്നതതല പ്ലീനറി യോഗത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി മോൺ. റോബർട്ട് ഡി മുർഫിയാണ് വത്തിക്കാന്റെ നിലപാട് വ്യക്തമാക്കിയത്.

കൂടുതൽ വിനാശകാരിയായ ആയുധങ്ങൾ വികസിപ്പിക്കുന്നതിലൂടെ സമാധാനം സംരക്ഷിക്കാനാവില്ലെന്നു വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ വ്യാപകമായി നടത്തിയ ആണവ പരീക്ഷണങ്ങളുടെ പ്രത്യാഘാതങ്ങൾ ഇന്നും തുടരുകയാണ്. തദ്ദേശീയ ജനവിഭാഗങ്ങളും മറ്റ് ദുരിത ബാധിത സമൂഹങ്ങളും, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഭാവിതലമുറകളും, ശാരീരിക, മാനസിക, സാമൂഹിക, പരിസ്ഥിതി മേഖലകളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും മോൺ. റോബർട്ട് ഡി മുർഫി ചൂണ്ടിക്കാട്ടി.

ആണവ പ്രതിരോധത്തെ ആശ്രയിക്കുന്ന പ്രവണത, വർധിച്ചുവരുന്ന ആണവ പ്രസ്താവനകൾ, ആണവ പരീക്ഷണങ്ങൾക്കെതിരായ ദീർഘകാല അന്താരാഷ്ട്ര മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്ന നീക്കങ്ങൾ എന്നിവ ആശങ്കാജനകമാണെന്നും പ്രസ്താവനയിൽ പറയുന്നു.

സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി പ്രാബല്യത്തിൽ വരുന്നത് അടിയന്തര മുൻഗണനയായി തുടരണമെന്ന് പരിശുദ്ധ സിംഹാസനം ആവശ്യപ്പെട്ടു. ആണവ സ്ഫോടന പരീക്ഷണങ്ങളുടെ നിരോധനം ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനും നിലവിലുള്ള ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള വിശാലമായ ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്വത്തിന്റെ പ്രധാന ഘടകമാണെന്നും വത്തിക്കാന്‍ പ്ലീനറി യോഗത്തില്‍ വ്യക്തമാക്കി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »