News - 2026
കുന്നോത്ത് സംഭവവും സൈബർ വേട്ടയും: വിചാരണ ചെയ്യപ്പെടുന്ന സന്യസ്തർ
പ്രവാചകശബ്ദം 15-09-2026 - Tuesday
സമൂഹത്തിന്റെ പൊതുബോധത്തെയും മാധ്യമസംസ്കാരത്തെയും പലപ്പോഴും ഭരിക്കുന്നത് വസ്തുതകളേക്കാൾ ഉപരി വൈകാരികമായ സങ്കുചിതത്വങ്ങളും കോളിളക്കങ്ങളുമാണ്. കണ്ണൂർ ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യു.പി. സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി തളർന്നു വീണതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നടമാടുന്ന ഇത്തരം അപകടകരമായ പ്രവണതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
സ്കൂളിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം താൽക്കാലിക ചുമതലയേറ്റ സിസ്റ്റർ ലിന്റാ ജോസ് എന്ന അധ്യാപികയ്ക്കെതിരെ ആരംഭത്തിൽ ഉയർന്നത് ഞെട്ടിക്കുന്ന ആരോപണങ്ങളായിരുന്നു. യാഥാർത്ഥ്യം എന്തെന്ന് വസ്തുനിഷ്ഠമായി അന്വേഷിക്കാനോ വ്യക്തമായ അന്വേഷണ റിപ്പോർട്ടുകൾക്ക് കാത്തുനിൽക്കാനോ തയ്യാറാകാതെ, സന്യസ്തയായ ഒരു അധ്യാപികയെ സമൂഹമധ്യത്തിൽ ഏകപക്ഷീയമായി പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്ന കാഴ്ചയാണ് തുടർന്ന് നാം കണ്ടത്. പ്രബുദ്ധമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളീയ പൊതുസമൂഹം എത്രത്തോളം പെട്ടെന്നാണ് ദുഷ്പ്രചാരണങ്ങൾക്ക് പിന്നാലെ വിവേകശൂന്യമായി പായുന്നത് എന്നതിന്റെ നേർചിത്രമാണിത്.
സ്കൂളിൽ യഥാർത്ഥത്തിൽ സംഭവിച്ചതും പുറത്ത് വലിയ തോതിൽ ആഘോഷിക്കപ്പെട്ടതും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു എന്നതാണ് ഔദ്യോഗിക പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്ന ശാരീരിക അസ്വസ്ഥതയുള്ള കുട്ടി ക്ലാസിൽ തളർന്നിരുന്നപ്പോൾ അധ്യാപിക പിടിച്ചെഴുന്നേൽപ്പിച്ച് സീറ്റിൽ ഇരുത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തുവെന്നും പിന്നീടും സുഖവിവരം തിരക്കിയിരുന്നുവെന്നുമാണ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നത്. എന്നാൽ, കുട്ടിയെ കാലുകൊണ്ട് ചവിട്ടിയെന്നും "നീ ചത്തില്ലേ?" എന്ന് ആക്രോശിച്ചുവെന്നുമുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് തുടക്കത്തിൽ മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പടർന്നത്.
ദിവസങ്ങൾക്കു മുൻപ് മാത്രം താൽക്കാലിക ജോലിയിൽ പ്രവേശിച്ച അധ്യാപികയ്ക്ക് കുട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല എന്നതിനാൽ സവിശേഷ ശ്രദ്ധ കൊടുക്കാൻ കഴിയാതെ പോയിട്ടുണ്ടാകാം എന്ന മാനേജ്‌മെന്റിന്റെ, ആരംഭത്തിലുള്ള ആത്മവിമർശനപരമായ വിശദീകരണവും അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ അധ്യാപികയെ മാറ്റിനിർത്താനുള്ള നടപടിയും പോലും ആരും കേൾക്കാൻ കൂട്ടാക്കിയില്ല.
കുട്ടിയെ മർദ്ദിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നുള്ള അധ്യാപികയുടെ മറുപടിയും സൈബർ ആക്രമണങ്ങളുടെ ബഹളത്തിൽ മുങ്ങിപ്പോയി. കലാപ സമാനമായ അന്തരീക്ഷമാണ് ചിലർ ആ ദിവസങ്ങളിൽ സ്‌കൂളിൽ സൃഷ്ടിച്ചത്. ഒരു സാഹചര്യം കൈകാര്യം ചെയ്തതിലുണ്ടായ ആശയവിനിമയ വീഴ്ചയെ അത്യന്തം ക്രൂരമായ ബാലപീഡനമാക്കി ചില നിക്ഷിപ്‌ത താൽപ്പര്യക്കാർ അവതരിപ്പിക്കുകയായിരുന്നു.
വാസ്‌തവത്തിൽ, സ്‌കൂൾ അധികൃതർ കുട്ടിയുടെ രക്ഷിതാക്കളെ വൈകാതെ ബന്ധപ്പെടുകയും അവർ നിർദ്ദേശിച്ച പ്രകാരം സ്‌കൂൾ വിട്ടതിന് ശേഷം പതിവു വാഹനത്തിൽ കയറ്റി വീട്ടിലേയ്ക്ക് വിടുകയുമുണ്ടായത്. വരാന്തയിലൂടെ പോകുന്ന വഴിയാണ് കുറ്റാരോപിതയായ അദ്ധ്യാപിക കുട്ടിയെ നിലത്തിരിക്കുന്ന വിധത്തിലും മറ്റു കുട്ടികളെ കൂട്ടം കൂടി നിൽക്കുന്ന നിലയിലും കാണുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തത്. കുട്ടിയെ എഴുന്നേൽപ്പിച്ച് ഇരിപ്പിടത്തിൽ ഇരുത്തി, മറ്റൊരു കുട്ടിയെ സ്റ്റാഫ് റൂമിലേയ്ക്കയച്ച് വെള്ളം കൊണ്ടുവരുത്തി കൊടുക്കുകയും ചെയ്ത ശേഷമാണ് അവർ അവിടെനിന്ന് പോയത്.
ആ ദിവസം യാതൊരു പരാതിയുമില്ലാതെ കടന്നു പോയെങ്കിലും തൊട്ടടുത്ത ദിവസം ഈ സംഭവം ആരുടെയോ നിഗൂഢമായ ഇടപെടലിനെ തുടർന്ന് വലിയ വിവാദമായി മാറുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ അന്വേഷണ സമിതിക്ക് മുന്നിൽ പ്രസ്തുത കുട്ടി പോലും അധ്യാപികയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ വാസ്തവമുണ്ടെന്ന് പറഞ്ഞില്ല.
രണ്ടുപേരൊഴികെ മറ്റെല്ലാവരും അദ്ധ്യാപിക തെറ്റുകാരിയല്ല എന്ന നിലപാടിൽ ഉറച്ചുനിന്നതായി കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. വാസ്തവങ്ങൾ ബോധ്യപ്പെട്ട മാതാപിതാക്കൾ തങ്ങളുടെ പരാതി പിൻലിക്കുകയുമുണ്ടായി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സ്‌കൂളിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കലാപം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ മാത്രമാണ് അവിടെ നടന്നത് എന്ന് വ്യക്തം.
വ്യാജവും അതിശയോക്തിപരവുമായ പ്രചാരണങ്ങളുടെ അനന്തരഫലം ഒരു വ്യക്തിയെ മാത്രമല്ല, വിദ്യാലയത്തെ മൊത്തത്തിലാണ് പിടിച്ചുലച്ചത്. പരാതി ഉയർന്നയുടൻ തന്നെ പ്രതിഷേധ പ്രകടനങ്ങളും അധ്യാപികയെ പിരിച്ചുവിടണമെന്ന മുറവിളികളും സ്കൂൾ കവാടത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. മാനേജ്‌മെൻ്റ് അധ്യാപികയെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തുകയും പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു.
വിഷയത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പോലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും അടിയന്തര റിപ്പോർട്ട് തേടി. ഇതോടെ, ഒരു സ്ഥാപനത്തിൽ സാധാരണ നിലയിൽ പരിഹരിക്കപ്പെടേണ്ടിയിരുന്ന വിഷയം ക്രമസമാധാന പ്രശ്നമായും സ്കൂളിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന സംഭവമായും രൂപാന്തരപ്പെട്ടു.
കേരളത്തിൽ സമീപകാലത്ത് അരങ്ങേറിയ സമാന സംഭവങ്ങളുടെ ഒരു തുടർച്ചയായി മാത്രമേ കുന്നോത്ത് സ്കൂളിലെ സംഭവത്തെയും കാണാൻ സാധിക്കൂ. സ്കൂളുകളിലെ നിസ്കാര മുറി വിവാദങ്ങൾ, ശിരോവസ്ത്രം (ഹിജാബ്) ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ, അച്ചടക്കവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ എന്നിവയെല്ലാം ഇതിനു മുൻപും വലിയ തോതിൽ തെറ്റായ ദിശയിലേക്ക് തിരിച്ചുവിടപ്പെട്ടിട്ടുണ്ട്. കാസർഗോഡും കോഴിക്കോടും വയനാടും എറണാകുളത്തും തിരുവനന്തപുരത്തുമെല്ലാം സമാനമായ രീതിയിൽ നിസാര സംഭവങ്ങളെ വർഗീയവും വിദ്വേഷപരവുമായ തലത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ നാം കണ്ടതാണ്.
വിദ്യാർത്ഥികളുടെ നൻമയും അച്ചടക്കവും മുൻനിർത്തി സ്കൂൾ അധികൃതർ എടുക്കുന്ന സ്വാഭാവിക തീരുമാനങ്ങളെപ്പോലും ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടക്കുന്നുണ്ട്. കുന്നോത്ത് സ്കൂളിൽ മുൻപുണ്ടായ ചില സംഭവങ്ങളുടെ തുടർച്ചയാണ് ഈ അതിരുവിട്ട ആരോപണങ്ങൾക്ക് പിന്നിലെന്ന ആക്ഷേപം അതുകൊണ്ടുതന്നെ തള്ളിക്കളയാനാവില്ല.
പ്രത്യേകിച്ച് കത്തോലിക്കാ സന്യസ്തരെ ലക്ഷ്യമിട്ടുള്ള സംഘടിതമായ സൈബർ വേട്ടയാടലുകൾ കേരളത്തിൽ ഇന്ന് ഒരു സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുന്നു. സന്യസ്ത വസ്ത്രം ധരിച്ച വ്യക്തികളെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ ലഭിക്കുന്ന ഓൺലൈൻ റീച്ചും വർഗീയ താൽപ്പര്യങ്ങളും മുതലെടുക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അനാഥർക്കും രോഗികൾക്കും വേണ്ടി ആതുരസേവന-വിദ്യാഭ്യാസ രംഗങ്ങളിൽ നിശബ്ദമായി പ്രവർത്തിക്കുന്ന സന്യസ്തരുടെ ത്യാഗപൂർണ്ണമായ ജീവിതത്തെ ഒരു നിമിഷം കൊണ്ട് വികലമാക്കി ചിത്രീകരിക്കാനാണ് പലരും തുനിയുന്നത്.
മുൻധാരണകളോടെയും വിദ്വേഷത്തോടെയും ക്രൈസ്തവ മാനേജ്മെന്റുകളെയും സന്യസ്തരെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയകളിൽ നടക്കുന്ന ആസൂത്രിത വിചാരണകൾ ഭയപ്പെടുത്തുന്ന ഒന്നാണ്. ഏതെങ്കിലും ഒരു വിഷയത്തിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് നിയമപരമായി തിരുത്തപ്പെടേണ്ടതിന് പകരം, സന്യസ്ത സമൂഹത്തെയാകെ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുകയും തേജോവധം ചെയ്യുകയും ചെയ്യുന്നത് തികച്ചും അനീതിയാണ്.
വാർത്തകളുടെ സത്യസന്ധത ഉറപ്പുവരുത്താതെ "കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന" മുഖ്യധാരാ - ഓൺലൈൻ മാധ്യമങ്ങളുടെ രീതിയും നിയന്ത്രണമില്ലാത്ത സോഷ്യൽ മീഡിയ വിചാരണകളും അടിയന്തരമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഒരു പരാതി ഉയരുമ്പോൾ അതിന്റെ ഇരുവശവും പരിശോധിച്ച് വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. ആധുനിക ഡിജിറ്റൽ യുഗത്തിൽ ഏതൊരു പൗരന്റെയും വ്യക്തിത്വവും ആത്മാഭിമാനവും ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയോ വ്യാജ വാർത്തയിലൂടെയോ തകർത്തെറിയപ്പെടാവുന്ന വിധം ദുർബലമായി തീർന്നിരിക്കുന്നു.
നിരപരാധികളെ ശിക്ഷിക്കുകയും പിന്നീട് തെളിവുകളുടെ അഭാവത്തിൽ സത്യം പുറത്തുവരുമ്പോൾ ആരും തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന അപകടകരമായ നീതിബോധമാണ് ഇവിടെ വളർന്നുവരുന്നത്. വ്യവസ്ഥാപിതമായ അന്വേഷണങ്ങൾക്കും നിയമവ്യവസ്ഥയ്ക്കും അതീതമായി ഒരു മാധ്യമക്കൂട്ടവും ആൾക്കൂട്ടങ്ങളും ചേർന്ന് വിധി കൽപ്പിക്കുന്നത് ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും കടുത്ത ഭീഷണിയാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















