News
ഫിഫ ലോകകപ്പ് ട്രോഫി സരഗോസയിലെ ബസിലിക്കയിൽ സമര്‍പ്പിച്ച് സ്‌പെയിന്‍ ടീം
പ്രവാചകശബ്ദം 21-10-2026 - Wednesday
സരഗോസ: സ്പാനിഷ് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ നേതൃത്വത്തിലുള്ള സംഘം ഫിഫ ലോകകപ്പ് ട്രോഫി സരഗോസയിലെ പ്രശസ്തമായ ഔർ ലേഡി ഓഫ് ദ പില്ലര്‍ ബസിലിക്കയിലെത്തി സമർപ്പിച്ചു കൃതജ്ഞത പ്രാര്‍ത്ഥന നടത്തി. ഒക്ടോബർ 19 തിങ്കളാഴ്ചയാണ് സംഘം ബസിലിക്കയിലെത്തിയത്. റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) പ്രസിഡന്റ് റാഫേൽ ലൂസാൻ ഉൾപ്പെടെയുള്ള പ്രമുഖ ഫുട്ബോൾ പ്രതിനിധികളും പരിശീലകനൊപ്പം എത്തിയിരിന്നു.
ലോകകപ്പ് ട്രോഫി സ്വന്തം കൈകളിലേറ്റിയാണ് ഡി ലാ ഫുവെന്റെ ബസിലിക്കയിലേക്ക് പ്രവേശിച്ചത്. വല്ലാത്തൊരു വൈകാരിക നിമിഷമാണിതെന്നും ദൈവമാതാവിനോടുള്ള എന്റെ വണക്കം നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണെന്നും ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തുഷ്ടനും അഭിമാനവുമുണ്ടെന്ന് അദ്ദേഹം ചടങ്ങിനുശേഷം പറഞ്ഞു. ഈ പുണ്യസങ്കേതത്തിലേക്കുള്ള ഈ തിരിച്ചുവരവ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ഓർമ്മയായി മനസ്സിൽ എപ്പോഴും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Emotiva ofrenda de la Copa del Mundo a la Virgen del Pilar. El presidente de la @rfef y el seleccionador nacional han agradecido ante la Patrona de la Hispanidad el triunfo de la @SeFutbol en el último Mundial. https://t.co/aJNkQympLK #VamosEspaña https://t.co/elx7OKR1Oe
— RFEF (@rfef) October 19, 2026
സരഗോസ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ കാർലോസ് എസ്ക്രിബാനോ, മെട്രോപൊളിറ്റൻ ചാപ്റ്റർ ഡീൻ ജുവാൻ സെബാസ്റ്റ്യൻ തെറുവൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഫെഡറേഷനു വേണ്ടി പ്രസിഡന്റ് റാഫേൽ ലൂസാനാണ് ട്രോഫി സമര്‍പ്പിച്ച് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. നന്ദിയോടും എളിമയോടും നിറഞ്ഞ മനസ്സോടെയും ഈ ലോകകപ്പ് സമര്‍പ്പിക്കാനാണ് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന് വേണ്ടി ഇവിടെ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബസിലിക്കയ്ക്ക് അകത്തും പുറത്തുമായി നൂറുകണക്കിന് വിശ്വാസികളും ഫുട്ബോള്‍ പ്രേമികളുമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















