Daily Saints.

October 10: വിശുദ്ധ ഫ്രാൻസിസ് ബോര്‍ജിയ

സ്വന്തം ലേഖകന്‍ 09-10-2025 - Thursday

കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർജിയ 1510-ൽ ആണ് ജനിച്ചത്. തന്റെ പൂർവികർ ചെയ്ത പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്തമായിരുന്നു ഇദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം. ചാൾസ്‌ അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഉയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു.

1539 മെയ്‌ 1ന് മനോഹരിയായ ചക്രവർത്തിനി ഇസബെല്ലയുടെ മരണത്തെ തുടര്‍ന്നു അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി അദ്ദേഹത്തിന് വലിയ നവീകരണ അനുഭവമുണ്ടായി. മരണത്തെ തുടര്‍ന്നു ശുഷ്ക്കിച്ച അവരുടെ മുഖവും ദർശിച്ച മാത്രയിൽ തന്നെ ഇഹലോക സുഖങ്ങൾ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുവാനും അദ്ദേഹം തീരുമാനമെടുത്തു. 1546-ൽ തന്റെ ഭാര്യയുടെ മരണത്തോടെ, അദ്ദേഹം ജെസ്യൂട്ട് സമൂഹത്തില്‍ ചേരുകയും ഭൗതീക സുഖങ്ങളും പദവികളും എല്ലാം ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനമെടുക്കുകയും ചെയ്തു.

വിശുദ്ധന്റെ എളിമ നിറഞ്ഞ ജീവിതമാതൃകയിൽ ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ വരെ ആകൃഷനായിരുന്നു. സിംഹാസനം ത്യജിക്കുവാനുള്ള ചക്രവർത്തിയുടെ തീരുമാനത്തിന് പിന്നിൽ വിശുദ്ധന്റെ ജീവിത മാതൃകയുടെ സ്വാധീനം വ്യക്തമാണ്. കഠിനമായ അച്ചടക്കവും സ്വയം ഏറ്റെടുത്ത സഹനങ്ങളും നിറഞ്ഞ ജീവിതം നയിച്ച വിശുദ്ധ ഫ്രാൻസിസ് ബോർഗിയ തന്നെ തന്നെ "ദരിദ്രനായ പാപി" എന്നാണ് വിളിച്ചിരുന്നത്. വിവിധ സ്ഥലങ്ങളില്‍ അനേകം കോളേജുകള്‍ സ്ഥാപിക്കുകയും ഇരുപതു നൊവീഷ്യേറ്റുകള്‍ ആരംഭിക്കുകയും അനേകം പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തു.

1565-ല്‍ ഇഗ്നേഷ്യസ് ലയോളയുടെ പിന്‍ഗാമി ഡിയേഗോ ലെയിനെസ് മരണമടഞ്ഞപ്പോള്‍ വികാരി ജനറലായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഫ്രാന്‍സീസ്, അതേ വര്‍ഷം ജൂലൈ 2-ന് ജസ്യൂട്ടിന്റെ മൂന്നാമത്തെ സുപ്പീരിയര്‍ ജനറലായും തിരഞ്ഞെടുക്കപ്പെട്ടു.

സഭാപരമായ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും തന്റെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു. തുര്‍ക്കികള്‍ക്കെതിരെ ലെപ്പാന്റോയില്‍ സഭ നേടിയ വിജയം ആഘോഷിക്കുവാന്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രത്തലവന്മാരുടെ ഒരു സംയുക്ത പ്രകടനം കാഴ്ചവയ്ക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ പോപ്പിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുമ്പോള്‍ 1572 ഒക്‌ടോബര്‍ 10 ന് ഫ്രാന്‍സീസ് ബോര്‍ജിയ ഈ ലോകത്തോടു വിടപറഞ്ഞു. പോര്‍ച്ചുഗലിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ഫ്രാന്‍സീസ് ബോര്‍ജിയ.

വി. ഫ്രാന്‍സീസ് ബോര്‍ജിയയുടെ മാദ്ധ്യസ്ഥം തേടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

ഇതര വിശുദ്ധര്‍

1. സെന്‍സ് ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ടെറിക്കൂസ്

2.ജര്‍മ്മനിയിലെ കാസിയൂസും ഫ്ലോരെന്‍സിയൂസും

3. ഇറ്റലിയിലെ സര്‍ബോണിയൂസ്

4. ആഫ്രിക്കന്‍ ബിഷപ്പായിരുന്ന സെര്‍ബോണിയൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »