Daily Saints.

October 25: വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും

സ്വന്തം ലേഖകന്‍ 25-10-2024 - Friday



എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും ജനിച്ചത്‌. ക്രൈസ്തവ വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്‌. അവിടെ അവര്‍ പകല്‍ മുഴുവനും സുവിശേഷം പ്രഘോഷിച്ചും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധര്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു.

തങ്ങളുടെ വ്യാപാരത്തില്‍ നിന്നും തങ്ങളുടെ ജീവിതം കഴിക്കുന്നതിനു പുറമേ പാവപ്പെട്ടവരെ സഹായിക്കുന്നതിനുമുള്ള വരുമാനം അവര്‍ക്ക്‌ ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയം ബെല്‍ജിക്ക് ഗൌളിലെ ഗവര്‍ണറായ റിക്റ്റസ് വാരുസിനു പിടിച്ചില്ല. അദ്ദേഹം അവരെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തില്‍ തിരികല്ല് കെട്ടി നദിയില്‍ എറിയുകയും ചെയ്തു. ഇതില്‍ നിന്നും അവര്‍ രക്ഷപ്പെട്ടെങ്കിലും ചക്രവര്‍ത്തി ഈ വിശുദ്ധരെ പിടികൂടി. തല അറുത്താണ് ഈ വിശുദ്ധരെ കൊലപ്പെടുത്തിയത്. ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ട്രൂഡിലെ പൊതു മന്ദിരത്തിനു ‘ക്രിസ്പിന്‍ ആന്‍ഡ്‌ ക്രിസ്പാനിയസ്’ എന്ന പേര് നല്‍കിയിരിക്കുന്നു.

വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥം തേടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

ഗാബ്രിയേല്‍ മേയിറിന്റെ അഭിപ്രായത്തില്‍ പല ഉറവിടങ്ങളില്‍ നിന്നുമായി രൂപപ്പെട്ട ഇവരുടെ കഥയില്‍ ചരിത്രപരമായി വിശ്വാസയോഗ്യമല്ലാത്ത പല വിശദാംശങ്ങളും കടന്ന്‍ കൂടിയിട്ടുണ്ട്. മറ്റൊരു ഐതിഹ്യമനുസരിച്ച് കാന്റര്‍ബറിയിലെ ഒരു കുലീന റോമന്‍-ബ്രിട്ടിഷ് കുടുംബത്തിലെ ആണ്‍ മക്കളായിട്ടാണ് ഇവരുടെ ജനനം. ഇവര്‍ പ്രായപൂര്‍ത്തിയായികൊണ്ടിരിക്കെ റോമന്‍ ചക്രവര്‍ത്തിയുടെ വെറുപ്പിന് പാത്രമായ അവരുടെ പിതാവിന്റെ വധത്തോടെ, തൊഴില്‍ പരിശീലനത്തിനും കൂടാതെ പിതാവിന്റെ ഘാതകരില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അവരുടെ അമ്മ അവരെ ലണ്ടനിലേക്കയച്ചു.

യാത്രക്കിടെ ഫാവര്‍ഷാം എന്ന സ്ഥലത്തെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ പണിശാലയിലെത്തിയ അവര്‍ ഇനി യാത്ര തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഫാവര്‍ഷാമില്‍ വസിക്കുകയും ചെയ്തു. ഈ നഗരവുമായി വിശുദ്ധര്‍ക്കുള്ള ബന്ധത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഒരു ലോഹ ഫലകം ഇപ്പോഴും ആ പട്ടണത്തില്‍ കാണാം. ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ട്രൂഡിലെ പൊതു മന്ദിരത്തിനു ‘ക്രിസ്പിന്‍ ആന്‍ഡ്‌ ക്രിസ്പാനിയസ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും ഈ ഐതിഹ്യത്തില്‍ ഈ സഹോദരന്മാര്‍ എങ്ങനെ രക്തസാക്ഷിത്വം വരിക്കുകയും ആദരിക്കപ്പെടുകയും ചെയ്തു എന്ന് വിവരിക്കുന്നില്ല.

ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ ഹിലരി

2. ഗ്രീക്കുകാരായ ക്രിസന്തിയൂസും ഭാര്യ ദാരിയും

3. തബീത്താ

4. ഓര്‍ലീന്‍സിലെ ഡുള്‍കാര്‍ഡൂസു

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »