News - 2025
തീവ്രവാദി സംഘടനയായ ഐഎസില്‍ ചേരുവാന്‍ ശ്രമിച്ചതിന് യുവാവിനെ ബ്രിട്ടണിലെ കോടതി നാലു വര്‍ഷം കഠിന തടവിന് വിധിച്ചു
സ്വന്തം ലേഖകന്‍ 09-11-2016 - Wednesday
ലണ്ടന്‍: തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരുവാന്‍ ശ്രമിച്ച കുറ്റത്തിന് ബ്രിട്ടണില്‍ ഗബ്രിയേല്‍ റാസ്മസ് എന്ന മുപ്പതുകാരനെ കോടതി നാലു വര്‍ഷം തടവിന് വിധിച്ചു. ക്രിസ്ത്യന്‍ മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയാണ് ഗബ്രിയേല്‍ റാസ്മസ്. 2015 ഏപ്രില്‍ മാസം ഡോവറിലെ കെന്റ് പോര്‍ട്ടില്‍ ഒരു ട്രക്കില്‍ നിന്നുമാണ് ഗബ്രിയേല്‍ റാസ്മസിനേയും രണ്ട് കൂട്ടാളികളേയും തീവ്രവാദ ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2008-ല്‍ ആണ് ബിര്‍മിംങ്ഹാമിലെ ലോസെല്‍സില്‍ താമസിക്കുന്ന ഗബ്രിയേല്‍ റാസ്മസ് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. തീവ്രവാദ ആക്രമണം നടത്തുവാന്‍ താന്‍ ശ്രമിച്ചതായി ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. യുകെയില്‍ തന്നെ തുടരുകയാണെങ്കില്‍ ഒരുപക്ഷേ താന്‍ തീവ്രവാദി ആക്രമണ പദ്ധതി നടപ്പിലാക്കിയേക്കാം എന്ന് ഇയാള്‍ ഇതിനു മുമ്പും പറഞ്ഞിരുന്നു. ഐഎസിലേക്ക് ചേരുവാനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് കടക്കണമെന്നതായിരുന്നു ഇയാളുടെ ആഗ്രഹം.
പാരീസിലെ ചാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തെ കോടതിയില്‍ ഗബ്രിയേല്‍ റസ്മസ് സന്തോഷത്തോടെയാണ് പിന്തുണച്ചത്. ജിഹാദികളായ സഹോദരങ്ങള്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്ന് അദ്ദേഹം കോടതിയില്‍ തുറന്നു പറഞ്ഞു. യുകെയില്‍ തുടര്‍ന്നാല്‍ ഇയാള്‍ വീണ്ടും തീവ്രവാദി ആക്രമണം നടത്തുവാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കാരന്‍ റോബിന്‍സണ്‍ വാദിച്ചു. ഈ വാദങ്ങളുടെ എല്ലാം അടിസ്ഥാനത്തിലാണ് ഗബ്രിയേല്‍ റാസ്മസിന് ഇപ്പോള്‍ നാലു വര്‍ഷം കഠിന തടവ് കോടതി വിധിച്ചിരിക്കുന്നത്.
