News - 2025

യുകെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യാഥാസ്ഥിതികരായ ക്രൈസ്തവ വിശ്വാസികളെ, മുസ്ലീം തീവ്രവാദികളേ പോലെയാണ് കാണുന്നതെന്ന് ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ

സ്വന്തം ലേഖകന്‍ 09-11-2016 - Wednesday

ലണ്ടന്‍: തീവ്രവാദികളായ മുസ്ലീങ്ങളെ പോലെ തന്നെയാണ് യുകെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരമ്പരാഗത ക്രൈസ്തവരെ നോക്കി കാണുന്നതെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ അര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബീ. മുസ്ലീം തീവ്രവാദികളേയും, പരമ്പരാഗത യാഥാസ്ഥികരായ ഇവാഞ്ചലിസ്റ്റ് ക്രൈസ്തവരേയും ഒരേ കണ്ണിലൂടെ നോക്കി കാണുന്ന സര്‍ക്കാര്‍ നടപടിക്കെതിരേയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ ശക്തമായ ഭാഷയില്‍ രംഗത്തു വന്നിരിക്കുന്നത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകരോട് സംസാരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്കെതിരെ ആര്‍ച്ച്ബിഷപ്പ് വെല്‍ബീ രംഗത്തു വന്നത്. "നമ്മുടെ സര്‍ക്കാര്‍ മതപരമായ മേഖലയിലേക്ക് കടന്ന് ചില നടപടികള്‍ സ്വീകരിക്കുകയാണ്. ഈ വിഷയത്തില്‍ ഇവര്‍ക്ക് യാതോരറിവും ഇല്ലെന്നതാണ് വസ്തുത. മതപരമായ വിശ്വാസം ആഴത്തില്‍ വേരോടിയ ഒരു സമൂഹത്തില്‍ നിന്നും തീവ്രവാദ നിലപാടുള്ള മുസ്ലീങ്ങളേയും അവരുടെ സംഘടനകളേയും അവര്‍ക്ക് കണ്ടെത്തുവാന്‍ സാധിക്കുന്നില്ല. എല്ലാവരേയും അവര്‍ ആ ഗണത്തിലേക്കാണ് കൂട്ടിയിരിക്കുന്നത്". ആര്‍ച്ച് ബിഷപ്പ് വെല്‍ബീ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മതങ്ങളുടെ കാര്യങ്ങളില്‍ അറിവില്ലാത്തതാണ് ഇത്തരമൊരു പ്രശ്‌നത്തിലേക്ക്, സാഹചര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് ആര്‍ച്ച്ബിഷപ്പ് വെല്‍ബീ പറഞ്ഞു. മതത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ അക്രമ പ്രവര്‍ത്തനത്തേയും, വിഭാഗീയതേയും ശക്തമായി എതിര്‍ക്കേണ്ടതാണെന്ന കാര്യത്തില്‍ തനിക്ക് യാതോരു തര്‍ക്കവുമില്ലെന്നും ആര്‍ച്ച്ബിഷപ്പ് വെല്‍ബീ കൂട്ടിച്ചേര്‍ത്തു.