News - 2025
മതത്തെ വിനോദമായി കാണുന്നത് ഏറെ അപകടം: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 11-11-2016 - Friday
വത്തിക്കാന്‍: മതത്തെ വെറും വിനോദമായി കൊണ്ടു നടക്കുന്ന പ്രവണത ഏറെ അപകടകരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കരിമരുന്ന് പ്രയോഗം പോലെ ക്ഷണ നേരത്തെ കാഴ്ചയാക്കി പലരും മതത്തെ മാറ്റുകയാണെന്നും, ഇത്തരമൊരു നടപടി ഏറെ അപകടം പിടിച്ചതാണെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച സാന്താ മാര്‍ത്തയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്ന ഫരിസേയരുടെ ചോദ്യത്തിന് ക്രിസ്തു നല്‍കുന്ന മറുപടിയെ അടിസ്ഥാനപ്പെടുത്തിയാണ് പിതാവ് തന്റെ സന്ദേശം നല്‍കിയത്.
"ദൈവത്തിന്റെ രാജ്യം നമ്മുടെ ഇടയില്‍ തന്നെ ഉണ്ടെന്നാണ് ക്രിസ്തു പറയുന്നത്. ദൈവം സ്വര്‍ഗരാജ്യത്തിന്റെ ചെറുവിത്തുകള്‍ നമ്മുടെ ഇടയില്‍ പാകിയിരിക്കുന്നു. അവിടുന്ന് ഇതിനെ വളരുവാന്‍ സഹായിക്കുന്നുണ്ടെങ്കിലും, അതിനെ മാത്രമായി ശ്രദ്ധിക്കുന്നില്ല. ഈ വിത്തിനെ വളര്‍ത്തേണ്ടത് നാം ഓരോരുത്തരുമാണ്. യേശുവിലൂടെ പിതാവായ ദൈവം നമുക്കു നല്‍കുന്ന സന്ദേശങ്ങളോട് ക്രിയാത്മകമായി വേണം നാം പ്രതികരിക്കുവാന്‍".
"വിനോദം എന്ന തലത്തിലേക്ക് പലരും ഇന്ന് മതത്തെ മാറ്റിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു മതമില്ല. ദൈവത്തിലുള്ള പ്രത്യാശയില്‍ നിന്നുമാണ് നാം രക്ഷയുടെ അനുഭവം കൈവരിക്കേണ്ടത്. ഒരു മനുഷ്യന്‍ ഒരു വിത്ത് വിതയ്ക്കുമ്പോഴും, ഒരു സ്ത്രീ അപ്പത്തിനായി മാവ് പുളിപ്പിക്കുവാന്‍ വയ്ക്കുമ്പോഴും പ്രത്യാശ അവരില്‍ നിലനില്‍ക്കുന്നു. ക്ഷമയോടെയാണ് അവര്‍ അതിന്റെ ഫലത്തിനായി കാത്തിരിക്കുന്നത്". പാപ്പ പറഞ്ഞു.
നമ്മുടെ ഒരോരുത്തരുടെയും പ്രത്യാശ എത്രമാത്രമുണ്ടെന്ന കാര്യം സ്വയം വിലയിരുത്തണമെന്നും പാപ്പ തന്റെ പ്രസംഗത്തിന്റെ അവസാനം സൂചിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ നമ്മുടെ ഉള്ളില്‍ വിതച്ചിട്ടുള്ള സ്വര്‍ഗത്തിന്റെ വിത്തിനെ മുളയ്പ്പിക്കുവാനാണ് നാം ശ്രമിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
