Purgatory to Heaven. - November 2025
സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആയിരിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്നില്ല
സ്വന്തം ലേഖകന്‍ 14-11-2016 - Monday
"അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേïി പാപപരിഹാര കര്‍മം അനുഷ്ഠിച്ചു" (2 മക്കബാ 12:46).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 14
പാപങ്ങള്‍ മൂലം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതെ കഴിയുന്ന ആത്മാക്കളെ അവരുടെ പാപക്കറയില്‍ നിന്ന്‍ വിമോചിതരാക്കുന്ന ഒരു കാലഘട്ടം ഉണ്ടെന്ന വിശ്വാസം പഴയനിയമ കാലത്ത് യഹൂദരുടെ ഇടയില്‍ നിലനിന്നിരിന്നു. മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ നിന്നും മേല്‍ പറഞ്ഞ വചന ഭാഗത്തെ പരമര്‍ശിച്ചു കൊണ്ട് വിശുദ്ധ തോമസ് അക്വീനാസ് പറയുന്നു. "സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ആയിരിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോടു ആവശ്യപ്പെടുന്നില്ല. ആകയാല്‍ നീതിന്മാരുടെ ആത്മാക്കള്‍, ഭൂമിയില്‍ വെച്ചു അവര്‍ തീര്‍ത്തിട്ടില്ലാത്ത കടം മരണ ശേഷം തീര്‍ക്കുന്ന ഒരു അവസ്ഥ ഉണ്ടായിരിക്കണം." ഈ അവസ്ഥയെ ശുദ്ധീകരണസ്ഥലം എന്ന്‍ വിളിക്കുന്നു.
(IV Sent, De Purgatorio)
വിചിന്തനം:
മരിച്ചു പോയ നമ്മുടെ പൂര്‍വ്വികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ധാരാളം അവസരങ്ങള്‍ നമ്മുക്കുണ്ടായിരിന്നിട്ടും അത് നഷ്ട്ടപ്പെടുത്തിയതിനോര്‍ത്ത് ദൈവസന്നിധിയില്‍ മാപ്പപേക്ഷിക്കാം. ഭാവിയില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും നമ്മളാല്‍ കഴിയുന്ന ത്യാഗപ്രവര്‍ത്തികള്‍ ചെയ്യുവാനും ഉറച്ച തീരുമാനമെടുക്കാം.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
