News - 2025
വേദവിപരീതമോ, തെറ്റായ കാര്യങ്ങളോ മാര്‍പാപ്പമാര്‍ പഠിപ്പിച്ചാല്‍, അതിനെ എതിര്‍ക്കുവാന്‍ സഭ അനുവദിക്കുന്നുണ്ടെന്നു കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക്
സ്വന്തം ലേഖകന്‍ 17-11-2016 - Thursday
വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്ന നാലു കര്‍ദിനാളുമാരില്‍ ഒരാളായ റെയ്മണ്ട് ബുര്‍ക്ക് 'നാഷണല്‍ കാത്തലിക് റജിസ്റ്റര്‍' എന്ന കത്തോലിക്ക മാധ്യമത്തിന് വിശദമായ അഭിമുഖം നല്‍കി. തങ്ങളുടെ സംശയങ്ങള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ ഇതുവരെയും മറുപടി നല്‍കിയിട്ടില്ലെന്ന കാര്യം കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞു. പാപ്പയുടെ മൗനത്തെ ബഹുമാനിച്ചുകൊണ്ട് വിഷയത്തെ ആഗോള സഭയുടെ മുന്നില്‍ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുകയാണെന്നും കര്‍ദിനാള്‍ ബുര്‍ക്ക് അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.
"ഒരു മാര്‍പാപ്പ തെറ്റായ കാര്യങ്ങളോ, വേദവിപരീതമോ, സഭയുടെ നിയമങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങളോ പഠിപ്പിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യുവാനും, മാര്‍പാപ്പയുടെ അഭിപ്രായത്തെ തിരുത്തുവാനും കര്‍ദിനാളുമാര്‍ക്ക് അവകാശമുണ്ട്. അവകാശം എന്നതിലുപരി അത് അവരുടെ കര്‍ത്തവ്യമാണ്. ഈ വിഷയത്തിലും കര്‍ദിനാളുമാര്‍ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. പാപ്പയുടെ മൗനത്തെ ബഹുമാനിച്ചു കൊണ്ട്, ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ സഭയുടെ മുന്നിലും വേദപണ്ഡിതന്‍മാരുടെ മുന്നിലും ഞങ്ങള്‍ തന്നെ ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കുന്നു. സഭയുടെ ചരിത്രത്തില്‍ ഇതിനു മുമ്പും ഇങ്ങനെയുണ്ടായിട്ടുണ്ട്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല". കര്‍ദിനാള്‍ ബുര്‍ക്ക് പറയുന്നു.
1330-ല്‍ മാര്‍പാപ്പയായിരുന്ന ജോണ്‍ പന്ത്രണ്ടാമന്റെ കാലത്താണ് ഇതിനു മുമ്പ്, സഭയുടെ തലവനായ മാര്‍പാപ്പ നടത്തിയ പഠിപ്പിക്കലിനെ തിരുത്തികുറിച്ച സംഭവം നടന്നത്. ജോണ്‍ പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ അഭിപ്രായപ്രകാരം, മരിച്ച് സ്വര്‍ഗത്തില്‍ എത്തിയ ആത്മാക്കള്‍ ദൈവത്തിന്റെ മുഖം നേരില്‍ കാണുന്നില്ലെന്നും അവര്‍ അന്ത്യമ വിധി നാളില്‍ മാത്രമാണ് ദൈവത്തെ മുഖാമുഖം കാണുകയെന്നും പറഞ്ഞിരുന്നു. ജോണ്‍ പന്ത്രണ്ടാമന്‍ പാപ്പയുടെ ഈ അഭിപ്രായം സഭയുടെ പഠിപ്പിക്കലുകള്‍ക്ക് എതിരായിരുന്നു.
നിരവധി പേര്‍ ഈ അഭിപ്രായത്തിനെതിരെ രംഗത്തു വന്നു. എന്നാല്‍ അവര്‍ക്കെതിരെ സഭയുടെ നിയമത്തില്‍ പറയുന്ന ശിക്ഷാനടപടികളാണ് ജോണ്‍ പന്ത്രണ്ടാമന്‍ സ്വീകരിച്ചത്. ജറുശലേമിലെ ലത്തീന്‍ പാത്രീയാര്‍ക്കീസായിരുന്ന പലൂഡാനസിന്റെ നേതൃത്വത്തില്‍ ഒരു സംഘം വേദപണ്ഡിതര്‍ പാരീസ് സര്‍വകലാശയുടെ ആഭിമുഖ്യത്തില്‍ ജോണ്‍ പന്ത്രണ്ടാമന്റെ പഠിപ്പിക്കലിനെ ശക്തമായി എതിര്‍ത്തു രംഗത്തു വന്നു. ഈ കാലങ്ങളിലെല്ലാം ആശയപരമായ സംവാദമാണ് സഭയില്‍ നടന്നത്.
തന്റെ പഠിപ്പിക്കല്‍ തെറ്റാണെന്ന് അവസാനം ജോണ്‍ പന്ത്രണ്ടാമന്‍ മാര്‍പാപ്പ തിരിച്ചറിയുകയും, ഇഹലോക വാസം വെടിയുന്നതിന് മുമ്പ് അദ്ദേഹം അതിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം സംഭങ്ങളെ ആശയപരമായ അഭിപ്രായ പ്രകടനമായിട്ടാണ് സഭ കാണുന്നത്. മറിച്ച് മാര്‍പാപ്പയോടുള്ള വിയോജിപ്പായിട്ടോ, അനുസരണകേടായിട്ടോ അല്ല.
ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ അമോരിസ് ലെത്തീസിയയില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തി താമസിക്കുന്നവര്‍ക്ക് വിശുദ്ധ കൂദാശകള്‍ സ്വീകരിക്കുവാന്‍ സാധിക്കും എന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇവ ഇങ്ങനെ തന്നെയാണോ സഭയില്‍ നടപ്പിലാക്കേണ്ടതെന്നും, നിലവിലെ നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളിലെ ക്രമം തുടരണമോ എന്നുമാണ് കര്‍ദിനാളുമാര്‍ ചോദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പയോട് എഴുത്തിലൂടെ ആവശ്യപ്പെട്ടത്.
ചോദ്യങ്ങള്‍ക്കുള്ള മാര്‍പാപ്പയുടെ മൗനത്തെ വിഷയം പൊതുവായി സഭയില്‍ ചര്‍ച്ച ചെയ്യുവാന്‍ അനുവദിക്കുന്നതായി കര്‍ദിനാള്‍ റെയ്മണ്ട് ബുര്‍ക്ക് ചൂണ്ടികാണിക്കുന്നു. ഇത്തരം ഒരു നടപടി മാത്രമാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കര്‍ദിനാള്‍ ബുര്‍ക്ക് പ്രത്യേകം എടുത്തുപറയുന്നു.
