India - 2025
ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ ചരമ വാര്‍ഷികം ആചരിച്ചു
സ്വന്തം ലേഖകന്‍ 22-11-2016 - Tuesday
കട്ടപ്പന: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ കരുണയുടെ ജീവിത മാതൃക പകര്‍ത്താന്‍ നാം തയാറാകണമെന്നു കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 11–ാം ചരമവാർഷികത്തോടനുബന്ധിച്ചു കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈറേഞ്ചിലെ മക്കളുടെ വേദനകളോടു ചേർന്നുനിന്ന് അവർക്കുവേണ്ടി സേവനംചെയ്തു ദൈവത്തിന്റെ കരുണയുടെ മുഖം ലോകത്തിനു മുഴുവൻ കാണിച്ചുകൊടുക്കുകയായിരുന്നു ബ്രദർ ഫോർത്തുനാത്തൂസ്. യുവത്വത്തിൽ തന്നെ കാരുണ്യ പ്രവർത്തനത്തിനിറങ്ങിയ അദ്ദേഹത്തിന്റെ സേവനം നിസ്തുലമാണ്. ബിഷപ്പ് പറഞ്ഞു.
വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് പ്ലാച്ചിക്കൽ, ഇരട്ടയാർ സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഫ്രാൻസിസ് ഇടവകണ്ടം, വൈസ് പോസ്റ്റുലേറ്റർ ഫാ. ഫ്രാൻസിസ് മണ്ണാപറമ്പിൽ, ഫാ. തോമസ് എലവനാമുക്കട തുടങ്ങിയർ സഹകാർമികരായിരുന്നു.
കട്ടപ്പന പള്ളിയിൽനിന്ന് സെന്റ് ജോൺസ് ആശുപത്രി സെമിത്തേരിയിലെ ബ്രദർ ഫോർത്തുനാത്തൂസിന്റെ കബറിടത്തിലേക്കു നടത്തിയ പ്രദക്ഷിണത്തിനു കട്ടപ്പന സെന്റ് ജോർജ് ഫൊറോന വികാരി ഫാ.അഗസ്റ്റിൻ കാര്യപ്പുറം, അസിസ്റ്റന്റ് വികാരിമാരായ ഫാ.വർഗീസ് കാഞ്ഞമല, ഫാ.വർഗീസ് കൊച്ചുപുരക്കൽ, ബ്രദർ ജോസഫ് കട്ടക്കൽ, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സുപ്പീരിയർ ജനറൽ സിസ്റ്റർ വിമല ജോര്‍ജ്ജ്, ബ്രദർ ജോർജ് കിഴക്കെനാത്ത്, സംഘാടകസമിതി ജനറൽ കൺവീനർ ജോയി വെട്ടിക്കുഴി, ഫാ.ജയിംസ് പുളിയുറുമ്പിൽ തുടങ്ങിയവർ നേതൃത്വംനൽകി.
