News - 2025

സഭയിലെ വിവാഹത്തിന്റെ നിയമങ്ങള്‍ മാര്‍പാപ്പയ്ക്കു പോലും തിരുത്തുവാന്‍ സാധിക്കില്ല: കര്‍ദിനാള്‍ റോബര്‍ട്ട് സാറാ

സ്വന്തം ലേഖകന്‍ 22-11-2016 - Tuesday

വത്തിക്കാന്‍: വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങള്‍ ആര്‍ക്കും തിരുത്തി എഴുതുവാന്‍ സാധിക്കില്ലയെന്ന് വത്തിക്കാന്‍ ദിവ്യാരാധന സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ. ഫ്രഞ്ച് കത്തോലിക്ക പ്രസിദ്ധീകരണമായ 'ലഹോമി നൗവിയ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെ സംബന്ധിച്ചുള്ള തന്റെ പ്രതികരണം കര്‍ദിനാള്‍ വ്യക്തമാക്കിയത്. വിവാഹമോചനം നേടിയവര്‍ക്കും, പങ്കാളിയില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുന്നവര്‍ക്കും സഭയില്‍ നിന്നും കൂദാശകള്‍ സ്വീകരിക്കുന്നതിനുള്ള അനുമതി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കുമോയെന്ന ചോദ്യത്തിനുള്ള പ്രതികരണമാണ് കര്‍ദിനാള്‍ സാറാ നടത്തിയിരിക്കുന്നത്.

"വിവാഹത്തെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങള്‍ മാര്‍പാപ്പയ്ക്ക് പോലും മാറ്റുവാന്‍ സാധിക്കില്ല. വിവാഹത്തിന്റെ എല്ലാ നിയമങ്ങളും വിശുദ്ധമാണ് എന്നതിനാലാണ്, ആര്‍ക്കും അതിനെ മാറ്റിമറിയ്ക്കുവാന്‍ സാധിക്കില്ലെന്ന് പറയുന്നത്. മാരക പാപം നിലനില്‍ക്കുമ്പോള്‍ വിശുദ്ധ കൂദാശകള്‍ ആര്‍ക്കും സ്വീകരിക്കുവാന്‍ കഴിയില്ലെന്നതാണ് സഭയുടെ വിശ്വാസം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 2003-ല്‍ പുറത്തിറക്കിയ 'എക്ലേഷിയ ഡി യൂകാരിസ്റ്റിയ' എന്ന രേഖ സഭയുടെ ഈ നിയമത്തെ ഓര്‍മ്മിപ്പിക്കുന്നു". കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പറഞ്ഞു.

'ഗോഡ് ഓര്‍ നന്തിംങ്' എന്ന തന്റെ പുതിയ പുസ്തകത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് വിവാഹ ബന്ധം വേര്‍പ്പെട്ടു കഴിയുന്നവരുടെ കൗദാശിക ജീവിതത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കര്‍ദിനാള്‍ സാറാ മറുപടി നല്‍കിയത്. ഇപ്പോള്‍ നിലനില്‍ക്കുന്ന ചില അവ്യക്തതകളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന് പ്രതികരിച്ച കര്‍ദിനാള്‍ വിവാഹത്തെ സംബന്ധിച്ചുള്ള ക്രിസ്തുവിന്റെ കാഴ്ചപാട് ഓര്‍മ്മിപ്പിച്ചു.

വിവാഹത്തെ സംബന്ധിച്ചുള്ള പദ്ധതി പുനഃസ്ഥാപിക്കുന്നത് ക്രിസ്തുവാണെന്നും, വിവാഹത്തെ ഏകവും, വിശുദ്ധവുമായ ഒരു ബന്ധമായിട്ടാണ് അവിടുന്ന് സ്ഥാപിച്ചിരിക്കുന്നതെന്നും കര്‍ദിനാള്‍ സാറാ പറഞ്ഞു. ഒരു കര്‍ദിനാള്‍ എന്ന നിലയില്‍ ലോകമെമ്പാടുമുള്ള ലത്തീന്‍ സഭയുടെ കൂദാശയെ വിശുദ്ധിയോടെ സൂക്ഷിക്കുവാന്‍ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »