News - 2025

രാഷ്ട്രീയ രംഗത്തെ മൂല്യതകര്‍ച്ചയ്ക്കും, വൈദിക വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കണ്ടുവരുന്ന മൃദുത്വമില്ലായ്മയ്ക്കുമെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം

സ്വന്തം ലേഖകന്‍ 26-11-2016 - Saturday

വത്തിക്കാന്‍: രാഷ്ട്രീയ രംഗത്തെ മൂല്യതകര്‍ച്ചയ്ക്കും, വൈദിക വിദ്യാര്‍ത്ഥികളില്‍ കണ്ടുവരുന്ന മൃദുത്വമില്ലാത്ത സ്വഭാവത്തിനുമെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. രണ്ടു വിഷയങ്ങളേയും സംബന്ധിക്കുന്ന തന്റെ പ്രതികരണം ജസ്യൂട്ട് സന്യാസ സമൂഹത്തിന്റെ 36-ാമത് ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗത്തിലാണ് പരിശുദ്ധ പിതാവ് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം 24-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രസംഗത്തിന്റെ വിവര്‍ത്തനം ജസ്യൂട്ട് സഭയുടെ പ്രസിദ്ധീകരണമായ 'സിവില്‍റ്റ കത്തോലിക്ക'യിലാണ് പ്രസിദ്ധീകരിച്ചു വന്നത്.

"രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പു വരെയുള്ള കാലഘട്ടത്തിലെ വൈദികപഠനം ഒരു തരത്തില്‍ പറഞ്ഞാല്‍ കര്‍ശനവും, സാമന്യജനത്തിന്റെ ശുശ്രൂഷകള്‍ക്ക് ശരിയായ രീതിയില്‍ പ്രയോജനം ചെയ്യാത്തതുമായിരുന്നു. ക്ഷയിച്ചുപോയ ഒരു മതപരമായ തത്വശാസ്ത്ര പഠനം എന്നുവേണം ഇതിനെ വിശേഷിപ്പിക്കുവാന്‍. എല്ലാ ധാര്‍മീക മേഖലകളിലേയും ചോദ്യങ്ങള്‍ക്ക് ശരിയെന്ന ഉത്തരമോ, അത് ചെയ്യുവാന്‍ സാധിക്കും എന്ന ഉത്തരമോ, അതിവിടെ നടപ്പില്ല എന്ന മറുപടിയോ മാത്രമാണ് നല്‍കപ്പെട്ടിരുന്നത്".

"ഇത്തരമൊരു രീതി ജസ്യൂട്ട് സന്യാസ സഭയിലെ വൈദിക പരിശീലനത്തിന് തീരെ യോജിച്ചതായിരുന്നില്ല. കത്തോലിക്ക സഭയുടെ മതബോധനം വിശദീകരിക്കുന്ന ധാര്‍മീക മൂല്യങ്ങള്‍ എല്ലാം തന്നെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളോടു ബന്ധപ്പെടുത്തിയുള്ളതാണ്. കര്‍ശനമായ ചില നിയമവ്യവസ്ഥകളല്ല, അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യരുടെ ജീവിതത്തെ ശരിയായി ശുശ്രൂഷിക്കുക, ആത്മീയ ഉന്നതി അവര്‍ക്ക് സാധ്യമാക്കുക എന്നതാണ് മതബോധനത്തിന്റെ ലക്ഷ്യം". പാപ്പ വിശദീകരിച്ചു.

സെമിനാരി വിദ്യാര്‍ത്ഥികളോടുള്ള തന്റെ സംഭാഷണത്തില്‍ അവരെ വ്യക്തമായി ഉപദേശിക്കുവാനും പാപ്പ സമയം കണ്ടെത്തി."ഒരു സെമിനാരി വിദ്യാര്‍ത്ഥി ശരിയായ രീതിയില്‍ പാഠങ്ങള്‍ പഠിക്കണം. മനുഷ്യരുടെ ജീവിത സാചര്യങ്ങളെ മനസിലാക്കുന്നതിന് അവരുമായി ഇടപഴകണം. ശരിയായി പ്രാര്‍ത്ഥിക്കണം. ഇവയില്‍ ഏതെങ്കിലും ഒന്ന്, നിങ്ങള്‍ ചെയ്യാതെയിരിക്കുമ്പോള്‍ ആണ് എനിക്ക് സങ്കടം വരുന്നത്". പാപ്പ വൈദിക വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.

മഹാന്‍മാരായ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടി, അവരെ തന്നെ ബലികഴിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് രാഷ്ട്രീയ രംഗത്തെ മൂല്യതകര്‍ച്ചയെ കുറിച്ചുള്ള തന്റെ പ്രതികരണത്തിന് പാപ്പ തുടക്കമിട്ടത്. ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് അധികാരം ചില സ്ഥലങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതാണെന്നും പാപ്പ ചൂണ്ടികാണിച്ചു. തുടര്‍ച്ചയായി അധികാരത്തില്‍ തന്നെ തുടരുവാന്‍ ചില ലോക നേതാക്കള്‍ ശ്രമിക്കുന്നതിനേയും പാപ്പ വിമര്‍ശിച്ചു.

"അധികാരത്തില്‍ തുടരുന്നതിനായി നിയമ സംവിധാനത്തില്‍ മാറ്റം വരുത്തുന്ന നേതാക്കള്‍ ആ രാജ്യത്തിന്റെ വ്യവസ്ഥകളേ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നത്. ലോകത്തിന്റെ ശക്തി കേന്ദ്രങ്ങള്‍ ചില സ്ഥലങ്ങളിലേക്ക് മാത്രമായി ചുരുങ്ങുന്നത്, പല പ്രദേശങ്ങളുടേയും തനിമയേ ഇല്ലാതെയാക്കും. ഇത്തരം അപകടങ്ങള്‍ക്കെതിരെ ജാഗ്രത വേണം". പാപ്പ പറഞ്ഞു.