News - 2026

'ഔര്‍ ലേഡി ഓഫ് ഗൗഡാലുപ്പെ': മെക്‌സിക്കന്‍ ജനതയെ സത്യവിശ്വാസത്തിലേക്ക് നയിച്ച മാതാവിന്റെ പ്രത്യക്ഷതയുടെ ചരിത്രം

സ്വന്തം ലേഖകന്‍ 02-12-2016 - Friday

വാഷിംഗ്ടണ്‍: 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷതയിലൂടെയാണ് പരിശുദ്ധ കന്യാകമറിയാം മെക്‌സിക്കന്‍, അമേരിക്കന്‍ ജനതകള്‍ക്കിടയില്‍ ക്രിസ്തുവിശ്വാസത്തെ ആഴമായി ഉറപ്പിച്ചത്. 'ഔര്‍ ലേഡി ഓഫ് ഗൗഡാലുപ്പെ' എന്ന പേരില്‍ ലോക പ്രശസ്തി നേടിയ ഈ മാതാവിന്റെ പ്രത്യക്ഷത ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികളുടെ ഇടയിലും വലിയ പ്രതീക്ഷയും, വിശ്വാസതീഷ്ണതയുമാണ് വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കുന്നത്.

സ്‌പെയിന്‍കാര്‍ മെക്‌സിക്കോയിലെത്തി അവരുടെ ഭരണം സ്ഥാപിച്ച ശേഷമാണ് രാജ്യത്ത് കത്തോലിക്ക വിശ്വാസം വേരുറപ്പിക്കുന്നത്. അതിനു മുമ്പ് രാജ്യത്തുണ്ടായിരുന്നത് കുറെ പ്രാദേശിക ഗോത്രങ്ങളും, അവരുടെ വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന മെക്‌സിക്കന്‍ ജനതയുമായിരുന്നു. കത്തോലിക്ക വിശ്വാസം രാജ്യത്ത് ആരംഭിച്ച ശേഷം 1531-ല്‍ ആണ് കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് മാതാവ് പ്രത്യക്ഷത നല്‍കുന്നത്.

'അസ്റ്റക്' എന്ന ഗോത്രവിഭാഗത്തില്‍ നിന്നും കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട തദ്ദേശീയനായ കര്‍ഷകനായിരുന്നു ജുവാന്‍ ഡിഗോ. ജുവാന്‍ ഡിഗോയെ കത്തോലിക്ക സഭ 2002-ല്‍ വിശുദ്ധനായി പ്രഖ്യാപിച്ചു. പ്രാദേശിക ഭാഷയില്‍ ആണ് വിശുദ്ധ ജുവാന്‍ ഡിഗോയോട് മാതാവ് തന്റെ സന്ദേശങ്ങള്‍ വെളിപ്പെടുത്തിയത്. കര്‍ഷകനായിരുന്ന ജുവാന്‍ ഡിഗോയുടെ ജീവിതം ക്ലേശപൂര്‍വ്വമുള്ളതായിരുന്നു. ഇത്തരം ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോടുള്ള തന്റെ കരുതലിനെ സൂചിപ്പിക്കുന്നതിനു കൂടിയാണ് മാതാവ് ജുവാന്‍ ഡിഗോയ്ക്ക് പ്രത്യക്ഷത നല്‍കിയതെന്ന് നീരിക്ഷകര്‍ വിലയിരുത്തുന്നു.

ഹെപ്പായക് മലനിരകളില്‍ ഒരു ദേവാലയം പണിയുവാന്‍ കത്തോലിക്ക നേതാക്കന്‍മാരോട് ആവശ്യപ്പെടണമെന്നാണ് മാതാവ് ജുവാന്‍ ഡിഗോയോട് പറഞ്ഞത്. കാലങ്ങള്‍ക്ക് ശേഷം ഇവിടെ ഉയര്‍ന്ന ദേവാലയമാണ് 'ദ ബസലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ഗൗഡാലുപ്പെ'. മെക്‌സിക്കോ നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്ക ദേവാലയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ലോകത്തിലെ ദേവാലയമായി ഇന്ന് ഇവിടം മാറി.

മൂന്നു തവണ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷമാണ് മാതാവിന്റെ പ്രത്യക്ഷത വിശുദ്ധ ജുവാന്‍ ഡിഗോയ്ക്ക് അദ്ദേഹത്തെ പറഞ്ഞു മനസിലാക്കുവാന്‍ സാധിച്ചത്. ഗൗഡാലുപ്പെയിലെ അത്ഭുതം നടന്നതും ഇതെ സമയത്താണ്. മൂന്നാം തവണ ബിഷപ്പിനെ സന്ദര്‍ശിക്കുന്ന സമയം ജുവാന്‍ ഡിഗോയ് തന്റെ കുപ്പായം ബിഷപ്പിന് മുന്നില്‍ വിടര്‍ത്തി കാണിച്ചു. അതില്‍ നിന്നും ഉണ്ടാകുന്ന പ്രത്യേക സുഗന്ധം ബിഷപ്പിന് അനുഭവിക്കുവാന്‍ സാധിച്ചു. വിശുദ്ധ ജുവാന്‍ ഡിഗോയ്, മാതാവിന്റെ രൂപത്തെ കുറിച്ചുള്ള വര്‍ണന ബിഷപ്പിനോട് നടത്തി. സമാനമായ രീതിയിലുള്ള ഒരു ചിത്രം അദ്ദേഹത്തിന്റെ കുപ്പായത്തിലും ഇതെ സമയം ഉണ്ടായി. മാതാവിന്റെ പ്രത്യക്ഷത നടന്നപ്പോളുണ്ടായ സുഗന്ധം വിശുദ്ധന്റെ കുപ്പായത്തില്‍ മാറാതെ നിന്നിരുന്നു.

ലോകത്ത് ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന ഏറ്റവും പ്രശസ്തമായ മാതാവിന്റെ ദൃശ്യങ്ങളിലൊന്നാണ് ഇതെന്ന് ഫാദര്‍ ബോബ് റൈറ്റ് സാക്ഷിക്കുന്നു. സാന്‍ അന്റോണിയോയിലുള്ള സെമിനാരിയിലെ അധ്യാപകന്‍ കൂടിയാണ് ഫാദര്‍ ബോബ് റൈറ്റ്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ മാതാവിന്റെ ഈ ദര്‍ശനത്തിന്റെ പ്രസക്തിയേ കുറിച്ച് നിരവധി പേര്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബോസ്റ്റണ്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസറായ നാന്‍സി പിനീഡ ഇതിനെ സംബന്ധിക്കുന്ന ഒരു ബുക്ക് തന്നെ എഴുതിയിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീ വിമോചനത്തെ എങ്ങനെയാണ് മാതാവിന്റെ ദര്‍ശനം സ്വാധീനിക്കുന്നതെന്നാണ് നാന്‍സി പിനീഡിന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

സഭയില്‍ ആദ്യനൂറ്റാണ്ടിലുണ്ടായതിന് സമാനമായ പെന്തകോസ്തു അനുഭവമാണ് മാതാവിന്റെ പ്രത്യക്ഷതയോടെ മെക്‌സിക്കോയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും നാന്‍സി പിനീഡ വിശദീകരിക്കുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ 12-ാം തീയതിയാണ് ഗൗഡാലുപ്പെയിലെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. അമേരിക്കയിലും മെക്‌സിക്കോയിലും ജനങ്ങള്‍ ഏറെ ഭക്തിയോടെയാണ് തിരുനാളിനെ വരവേല്‍ക്കുന്നത്. മെക്‌സിക്കന്‍ ജനത പരമ്പരാഗതമായ പല ചടങ്ങുകളും നടത്തിയാണ് തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കുന്നത്.


Related Articles »