News - 2026
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ കന്യാസ്ത്രീ മോഷ്ടാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 03-12-2016 - Saturday
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ അക്രമികള്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തി. ഫ്രാന്‍സീഷ്യന്‍ കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ മാരി ക്ലേറി അഗാനോയാണ് കൊല്ലപ്പെട്ടത്. വിദേശദൗത്യത്തിനുള്ള വത്തിക്കാന്‍ സമിതിയാണ് സിസ്റ്റര്‍ മാരി ക്ലേറി കൊലപ്പെട്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. നവംബര്‍ മാസം 29-ാം തീയതിയാണ് അജ്ഞാതരായ അക്രമികള്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത്.
ബക്കാവു എന്ന സ്ഥലത്തെ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ ഓഫീസിലാണ് കന്യാസ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തോക്കുധാരിയായ മോഷ്ടാവിന്റെ വേഗത്തിലുള്ള ആക്രമണത്തിനാണ് സിസ്റ്റര്‍ മാരി ക്ലേറി ഇരയായിരിക്കുന്നതെന്ന് 'വേള്‍ഡ് ആന്റ് മിഷന്‍' മാസികയില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുവിശേഷത്തിന് വേണ്ടി ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ രക്തസാക്ഷികളായി മാറിയ മുതിര്‍ന്ന കന്യാസ്ത്രീകളുടെ ഗണത്തിലേക്ക് സിസ്റ്റര്‍ മാരി ക്ലേറി അഗാനോയും ചേര്‍ക്കപ്പെട്ടുവെന്നാണ് 'വേള്‍ഡ് ആന്റ് മിഷന്‍' മാസിക അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കന്യാസ്ത്രീമാരായ ഓല്‍ഗ റാസ്ച്വീറ്റി, ലൂസിയ പുലൂസി, ബര്‍ണാഡിറ്റ ബോഗിയ എന്നിവര്‍ 2014-ല്‍ ബുറൂണ്ടിയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു. 1996-ല്‍ കോംഗോ യുദ്ധത്തിന്റെ സമയത്ത് ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫി മുന്‍സിഹിര്‍വ റുവാണ്ടന്‍ പട്ടാളക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എട്ടുവര്‍ഷത്തോളം നീണ്ടു നിന്ന യുദ്ധം നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്.

















