News - 2025

ഓസ്‌ട്രേലിയായില്‍ നിന്നും ഭാരത്തിലേക്ക് എത്തിയ ആദ്യത്തെ മിഷ്‌നറി ഡോക്ടറായ സിസ്റ്റര്‍ മേരി ഗൗറിയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമായി

സ്വന്തം ലേഖകന്‍ 17-12-2016 - Saturday

ബംഗളൂരു: ഭാരതത്തിലേക്ക് എത്തി ആതുരസേവനത്തിന്റെ പുതിയ ചരിത്രം രചിച്ച സിസ്റ്റര്‍ മേരി ഗൗറിയെ വിശുദ്ധയാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ മേരി ഗൗറിയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന ബംഗളൂരുവിലെ കല്ലറ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ നടപടികളുടെ ഭാഗമായി തുറന്നു. സിസ്റ്റര്‍ മേരി ഗൗറി സേവനം ചെയ്തിരുന്ന ഗുണ്ടൂരിലേക്ക് ഭൗതിക അവശിഷ്ടങ്ങള്‍ മാറ്റി.

സേവനത്തിന്റെയും വിശ്വാസത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച ജീവിതത്തിന്റെ ഉടമയാണ് സിസ്റ്റര്‍ മേരി ഗൗറി. 1887-ല്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ മെല്‍ബണിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബിരിഗൂറ എന്ന സ്ഥലത്താണ് സിസ്റ്റര്‍ മേരി ഗൗറി ജനിച്ചത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സിസ്റ്റര്‍ മേരി ഗൗറി സൗത്ത് മെല്‍ബൗണ്‍ കോളജില്‍ സ്‌കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്. മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്നും ആര്‍ട്ട്‌സ് വിഷയത്തില്‍ ബിരുദം സമ്പാദിച്ച മേരി ഗൗറി, പിതാവിന്റെ താല്‍പര്യപ്രകാരം വൈദ്യശാസ്ത്രം പഠിക്കുവാന്‍ തീരുമാനിച്ചു.

1910-ല്‍ എംബിബിഎസ് ബിരുദം നേടിയ മേരി ഗൗറി ആ കാലഘട്ടത്തില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ ചുരുക്കം വനിതകളില്‍ ഒരാളായിരുന്നു. ന്യൂസിലെന്‍ഡിലേക്ക് താമസം മാറിയ അവര്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത ഡോക്ടര്‍ എന്ന ബഹുമതിക്ക് അര്‍ഹയായി. ഓസ്‌ട്രേലിയായിലേക്ക് മടങ്ങിയെത്തിയ മേരി ഗൗറി സിഡ്‌നിയിലും മെല്‍ബണിലും ഡോക്ടറായി സേവനം ചെയ്തു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനത്തിനായി പ്രത്യേക താല്‍പര്യം കാണിച്ചിരുന്ന അവര്‍ ക്യാമ്പര്‍വെല്ലില്‍ കുട്ടികള്‍ക്കായി ഒരു ക്ലിനിക്കും ആരംഭിച്ചു. കുട്ടികള്‍ക്കുള്ള ചികിത്സ ഇവിടെ സൗജന്യമായാണു നല്‍കിയിരുന്നത്.

വിക്ടോറിയ, വാഗ്ഗ എന്നീ സ്ഥലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കാത്തലിക് വുമണ്‍ ലീഗ് എന്ന സംഘടനയും മേരി ഗൗറി ആരംഭിച്ചു. ഗൈനക്കോളജി വിഭാഗത്തില്‍ തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കിയ മേരി ഗൗറി 1919-ല്‍ എംഡിയും കരസ്ഥമാക്കി. ഈ സമയത്താണ് ഭാരതത്തില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മരണ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന പഠനം അവര്‍ വായിച്ച് അറിയുന്നത്. വൈദ്യശാസ്ത്ര രംഗത്ത് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ മേരി ഗൗറി തന്റെ ജീവിതത്തെ ക്രിസ്തുവിനായി സമര്‍പ്പിക്കുവാനും, ഭരതത്തിലെ കുട്ടികളെ ശുശ്രൂഷിക്കുവാനും തീരുമാനിച്ചു.

സൊസൈറ്റി ഓഫ് ജീസസ്, മേരി ആന്റ് ജോസഫ് എന്ന കോണ്‍ഗ്രിഗേഷനില്‍ ഒരു കന്യാസ്ത്രീയായി മേരി ഗൗറി ചേര്‍ന്നു. ഭാരതത്തിലേക്ക് എത്തുന്ന ആദ്യത്തെ വനിത മിഷ്ണറി ഡോക്ടര്‍ എന്ന ബഹുമതിയോടെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഇടയിലേക്ക് ഇറങ്ങിവന്ന് അവര്‍ പ്രവര്‍ത്തിച്ചു. ഭാരതത്തിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ഇടയിലേക്ക് തന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് സിസ്റ്റര്‍ മേരി ഗൗറി സേവന പാതയിലെ ശ്രദ്ധേയമായ സാനിധ്യമായി മാറി.

'കാത്തലിക് ഹോസ്പ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ' എന്ന പേരില്‍ രാജ്യത്തെ ആരോഗ്യപരിപാലന മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള സംഘടനയും സിസ്റ്റര്‍ മേരി ഗൗറിയാണ് ആരംഭിച്ചത്. ആരോഗ്യരംഗത്ത് മികച്ച പരിശീലനം നല്‍കുന്നതിലും, കത്തോലിക്ക വിശ്വാസത്തില്‍ ജീവന് കല്‍പ്പിക്കുന്ന വിലയെന്താണെന്നും കാത്തലിക് ഹോസ്പ്പിറ്റല്‍ അസോസിയേഷന്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ കാണിച്ചു നല്‍കി.

സിസ്റ്റര്‍ മേരി ഗൗറി ഒരു മികച്ച ഡോക്ടറും, നല്ലൊരു മിഷ്ണറിയുമായിരുന്നുവെന്ന് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് ഡെന്നിസ് ഹര്‍ട്ട് പറഞ്ഞു. മനുഷ്യരുടെ സേവനത്തിനായുള്ള അവരുടെ അക്ഷീണ പ്രയത്‌നവും, ദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയും വിശുദ്ധ പദവിയിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിക്കുവാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ മേരി മക്കിലൂപ്പാണ് ഓസ്‌ട്രേലിയായില്‍ ജനിച്ച ശേഷം വിശുദ്ധ പദവിയിലേക്ക് എത്തിയ ഏക വ്യക്തി. സിസ്റ്റര്‍ മേരി ഗൗറിയുടെ നാമകരണ നടപടികള്‍ പുതിയ ചരിത്രത്തിലേക്കാണ് വഴിതുറക്കുന്നതെന്ന കാര്യം ഇതിനാല്‍ തന്നെ വ്യക്തമാണ്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയോട് പലപ്പോഴും ഉപമിക്കപ്പെട്ടിട്ടുള്ള വ്യക്തിയായ സിസ്റ്റര്‍ മേരി ഗൗറി തന്റെ സേവന പാതയുടെ നല്ലൊരു പങ്കും ഭാരതത്തിലാണ് ചെലവിട്ടതെന്ന കാര്യംവും ഏറെ ശ്രദ്ധേയമാണ്.