News - 2025
രോഗികള്‍ക്കു വേണ്ടിയുള്ള ലോകദിനത്തിന്റെ മുഖ്യചിന്താവിഷയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 17-12-2016 - Saturday
വത്തിക്കാന്‍ സിറ്റി: രോഗികള്‍ക്കു വേണ്ടിയുള്ള ലോകദിനത്തിന്റെ മുഖ്യ ചിന്താവിഷയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 'ദൈവം പൂര്‍ത്തീകരിക്കുന്ന അത്ഭുതം' എന്നതാണ് രോഗികള്‍ക്കു വേണ്ടിയുള്ള ലോകദിനത്തിന്റെ 25-ാമത് സമ്മേളനം മുഖ്യമായും ചിന്തിക്കുക. രോഗികളും ക്ലേശമനുഭവിക്കുന്നവരും ദൈവമാതാവായ കന്യകമറിയാമിന്റെ ജീവിതത്തെ നോക്കി മാതൃക പഠിക്കണമെന്നും പാപ്പ പറഞ്ഞു. ക്ലേശകരമായ സാഹചര്യങ്ങളിലും ദൈവീക പദ്ധതിക്ക് വേണ്ടി ക്ഷമയോടെ കഷ്ടം സഹിച്ചവളാണ് കന്യകമറിയാമെന്നും പരിശുദ്ധ പിതാവ് ചൂണ്ടികാണിച്ചു.
"രോഗത്തിലും ക്ലേശങ്ങളിലും ആയിരിക്കുന്നവരോടും, അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്‍, നഴ്‌സുമാര്‍, ഡോക്ടറുമാര്‍ എന്നിവരോടും എനിക്ക് പറയുവാനുള്ളത് മാതാവിന്റെ ഈ ധന്യമായ മാതൃകയേ കുറിച്ചാണ്. ദൈവത്തിന്റെ ഇഷ്ടത്തിന് എല്ലായ്‌പ്പോഴും തന്നെ സമര്‍പ്പിക്കുവാന്‍ മാതാവ് ശ്രദ്ധിച്ചിരുന്നു. നിങ്ങള്‍ക്കും ഇതു പോലെ തന്നെ പ്രവര്‍ത്തിക്കുവാനും ചിന്തിക്കുവാനും സാധിക്കട്ടെ. രോഗത്തിന്റെ സമയങ്ങളിലും ദൈവത്തെ സ്‌നേഹിക്കുവാനും അവിടുത്തെ പദ്ധതിക്കായി കാത്തിരിക്കുവാനും നിങ്ങള്‍ക്ക് കഴിയട്ടെ". ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു.
1992-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് രോഗികള്‍ക്കായുള്ള ലോകദിനം എന്ന ആശയം മുന്നോട്ട് വച്ചത്. 'ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തു തന്നിരിക്കുന്നു' എന്ന കന്യകമറിയാമിന്റെ സ്തുതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് വിശുദ്ധന്‍ തുടക്കം കുറിച്ചത്. ശക്തിയുള്ള ദൈവം ബലഹീനര്‍ക്ക് താങ്ങായും തുണയായും നില്‍ക്കുകയും, അവര്‍ക്കായി വലിയ കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുമെന്നതാണ് ഇത്തരമൊരു വാക്യം തെരഞ്ഞെടുക്കുവാനുള്ള പ്രേരണയ്ക്ക് പിന്നില്‍.
രോഗികള്‍ക്കായുള്ള അടുത്ത ദിനം അവരുടെ ആവശ്യങ്ങളെ കുറിച്ച് സമൂഹത്തിന് കൂടുതല്‍ ബോധ്യംവരുത്തുന്നതിനുള്ള വേദിയായി മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഒരു രോഗിയെ സഹായിക്കുവാനും ശുശ്രൂഷിക്കുവാനും ലഭിക്കുന്ന അവസരത്തെ സഹനങ്ങളില്‍ ഒരാള്‍ക്ക് തുണനില്‍ക്കുവാന്‍ ദൈവം തന്ന സമയമായിട്ടാണ് എല്ലാവരും കണക്കിലാക്കേണ്ടതെന്നും പാപ്പ ചൂണ്ടികാണിച്ചു. വിശുദ്ധ ബര്‍ണാഡേറ്റിന് മാതാവിന്റെ ദര്‍ശനമുണ്ടാകുന്ന കാര്യവും പാപ്പ വിവരിച്ചു നല്‍കി.
"വിശുദ്ധനായ ബര്‍ണാഡേറ്റ് നിരവധി ക്ലേശങ്ങള്‍ വഹിച്ച വ്യക്തിയായിരുന്നു. ദാരിദ്രവും, പട്ടിണിയും വിവിധ ബുദ്ധിമുട്ടുകളും അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. മാതാവ് അദ്ദേഹത്തിന് ദര്‍ശനം നല്‍കിയ സംഭവത്തെ കുറിച്ച് ബര്‍ണാഡേറ്റ് വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഒരു വ്യക്തിയോട് നേരില്‍ കാര്യം പറയുന്നതുപോലെയുള്ള അനുഭവമാണ് ബര്‍ണാഡേറ്റിന് മാതാവില്‍ നിന്നും ഉണ്ടാകുന്നത്. ക്ലേശങ്ങളും,രോഗവുമുള്ള ഒരാളെ ഒരു പൂര്‍ണ്ണ വ്യക്തിയായി കണ്ട് അയാളുടെ വ്യക്തിത്വത്തിന് മഹിമ കല്‍പ്പിക്കണമെന്നതാണ് മാതാവിന്റെ ഈ പ്രവര്‍ത്തിയിലൂടെ നാം മനസിലാക്കേണ്ടത്. ഇതാകണം നമ്മുടെയും മാതൃക". ഫ്രാന്‍സിസ് പാപ്പ വിവരിച്ചു.
ജീവന്റെ സംരക്ഷണത്തിനായി പോരാട്ടം നടത്തണമെന്ന് ഇതിന് മുമ്പ് പലവട്ടം നഴ്‌സുമാരോടും, ഡോക്ടറുമാരോടും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യൂപകാരത്തില്‍ അനുദിനം പുതുക്കം പ്രാപിക്കുന്നവരായി മാറണം വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരെന്നതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള തന്റെ സന്ദേശമെന്നും മുമ്പ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്.
