News - 2025
വത്തിലീക്‌സ് കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ സ്പാനിഷ് വൈദികന് മാര്‍പാപ്പ നിബന്ധനകളോടെയുള്ള കുറ്റവിമോചനം നല്‍കി
സ്വന്തം ലേഖകന്‍ 21-12-2016 - Wednesday
വത്തിക്കാന്‍: രസഹ്യസ്വഭാവമുള്ള സഭയുടെ ചില രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മോണ്‍സിഞ്ചോര്‍ അഞ്ചീലോ വാലീജോ ബള്‍ഡായ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യവസ്ഥകള്‍ക്ക് വിധേയമായ കുറ്റവിമോചനം നല്‍കി. 'വത്തിലീക്‌സ്-II' എന്ന പേരില്‍ പ്രസിദ്ധമായ രേഖകള്‍ ചോര്‍ത്തിയത് വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന സെക്രട്ടറിയായ മോണ്‍സിഞ്ചോര്‍ അഞ്ചീലോ വാലീജോ ബള്‍ഡായാണ്. അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന്, വത്തിക്കാന്‍ ട്രൈബ്യൂണല്‍ പതിനെട്ടു മാസത്തെ തടവ് ശിക്ഷയാണ് വൈദികന് വിധിച്ചത്.
മോണ്‍സിഞ്ചോര്‍ അഞ്ചീലോ വാലീജോയെ മാര്‍പാപ്പ കുറ്റവിമുക്തനാക്കിയ കാര്യം ഇന്നലെയാണ് വത്തിക്കാന്‍ അറിയിച്ചത്. കുറ്റവിമുക്തനായതിനെ തുടര്‍ന്ന് വത്തിക്കാനിലെ ജയിലില്‍ നിന്നും അഞ്ചീലോ വാലീജോ മോചിതനായി. വത്തിക്കാനില്‍ ഇനി എന്തെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യുന്നതിന് വൈദികന് വിലക്കുണ്ടായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം രൂപതയായ സ്‌പെയിനിലെ അസ്റ്റോര്‍ഗായില്‍ സേവനം ചെയ്യുവാന്‍ തടസങ്ങളൊന്നും നേരിടില്ലെന്നും മോചന ഉത്തരവ് പറയുന്നു.
വൈദികന്‍ കുറ്റം ചെയ്തതുമായി ബന്ധപ്പെട്ട് പിഴതുക അടയ്‌ക്കേണ്ടി വരുമെന്നാണ് വത്തിക്കാന്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് എത്രയാണെന്നു തീരുമാനിക്കപ്പെട്ടിട്ടില്ല. തന്റെ തെറ്റ് ക്ഷമിച്ചു നല്‍കണമെന്ന് അപേക്ഷിച്ച് മോണ്‍സിഞ്ചോര്‍ അഞ്ചീലോ വാലീജോ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേക എഴുത്ത് നല്‍കിയിരുന്നു. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമയത്ത് വൈദികന്‍ മോചിപ്പിക്കപ്പെട്ടേക്കുമെന്ന് ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കൂടി വൈകി, ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് വൈദികന്റെ മോചനം സാധ്യമായിരിക്കുന്നത്.
2012-ല്‍ വത്തീലീക്‌സ് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പരിചാരകന് അന്നത്തെ മാര്‍പാപ്പയായ ബനഡിക്ടറ്റ് പതിനാറാമനും കുറ്റവിമോചനം നല്‍കിയിരുന്നു. പതിനെട്ടു മാസം തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്റെ പരിചാരകനായ പൗലോ ഗബ്രിയേലയ്ക്കും തടവ് ശിക്ഷ ലഭിച്ചിരുന്നത്.
