News - 2025
അമേരിക്കന്‍ ജനതയുടെ ഇടയില്‍ ക്രൈസ്തവ വിശ്വാസമാണ് ഏറ്റവും ശക്തമായി വേരോടിയിരിക്കുന്നതെന്ന് സര്‍വ്വേ ഫലം
സ്വന്തം ലേഖകന്‍ 26-12-2016 - Monday
വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ ഇടയില്‍ ക്രൈസ്തവ മതവിശ്വാസം തന്നെയാണ് ആഴത്തില്‍ വേരോടിയിരിക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.'ഗാലൂപ്പ്' നടത്തിയ സര്‍വ്വേയിലാണ് രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തി എന്താണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നത്. യുഎസിലെ ജനസംഖ്യയുടെ 74 ശതമാനം പേരും ക്രൈസ്തവരാണ്. അഞ്ചു ശതമാനം ജനങ്ങളാണ് മറ്റു വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍.
10 അമേരിക്കക്കാരെ പരിഗണിക്കുമ്പോള്‍, അവരില്‍ ഒന്‍പതു പേരും ക്രൈസ്തവ വിശ്വാസികളാണെന്നും സര്‍വ്വേ പറയുന്നു. ഒരു മതത്തിലും തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന 21 ശതമാനം ആളുകള്‍ രാജ്യത്ത് വസിക്കുന്നുണ്ടെന്നും സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. മതവിശ്വാസികളല്ലാത്ത ആളുകളുടെ എണ്ണത്തില്‍ മുന്‍ സര്‍വ്വേകളെ അപേക്ഷിച്ച് ആറു ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും പഠനം തെളിയിക്കുന്നുണ്ട്.
സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മുസ്ലീം വിശ്വാസികളുടെ എണ്ണം 0.8 ശതമാനം മാത്രമാണ്. ജൂതന്‍മാരായ 2.1 ശതമാനം ആളുകള്‍ യുഎസില്‍ താമസിക്കുന്നു. ഈ രണ്ടു മതവിഭാഗക്കാരെ ഒഴിച്ചു നിര്‍ത്തിയാല്‍ ക്രൈസ്തവ മതവിശ്വാസത്തിന് പുറത്തുള്ളവരുടെ രാജ്യത്തെ ജനസംഖ്യയുടെ ശതമാനം 2.5 ആണ്.
2016-ല്‍ നടത്തപ്പെട്ട സര്‍വ്വേയില്‍ പങ്കെടുത്ത മതവിശ്വാസികളില്‍ ഭൂരിഭാഗവും, മുമ്പുണ്ടായിരുന്നതിന്റെ അത്രയ്ക്കും സ്വാധീനം മതങ്ങള്‍ക്ക് രാജ്യത്തില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ മതവിശ്വാസമെന്നതിനെ സമൂഹത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്തുവാന്‍ സാധിക്കില്ലെന്നും അവര്‍ ചൂണ്ടികാണിക്കുന്നു. അമേരിക്കന്‍ ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്നവരും മതവിശ്വാസികള്‍ തന്നെയാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ എല്ലായ്‌പ്പോഴും മത സംഘടനകളോടും, നേതാക്കളോടും മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും സര്‍വ്വേ പറയുന്നു.
രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരില്‍ റിപ്പബ്ലിക്കന്‍ വിഭാഗക്കാരാണ് കൂടുതലായും മതവിശ്വാസം വച്ചു പുലര്‍ത്തുന്നവര്‍. 51 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും കടുത്ത മതവിശ്വാസികള്‍ തന്നെയാണെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. 20 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് മതവിശ്വാസമില്ലെന്ന് പറയുന്നത്. 33 ശതമാനം ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായികളും മതവിശ്വാസികളാണ്. എന്നാല്‍ 37 ശതമാനം ഡേമോക്രാറ്റുകളും തങ്ങള്‍ മതവിശ്വാസത്തിന് പുറത്തുള്ളവരാണെന്ന് അവകാശപ്പെടുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപാണ് അമേരിക്കയുടെ അടുത്ത പ്രസിഡന്റ്.
