News - 2025

അമേരിക്കന്‍ പ്രസിഡന്റുമാരുടെ വിശ്വാസത്തെ സൂചിപ്പിക്കുന്ന രേഖകളുമായി നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ പ്രത്യേക പ്രദര്‍ശനം

സ്വന്തം ലേഖകന്‍ 12-01-2017 - Thursday

വാഷിംഗ്ടണ്‍: യുഎസിന്റെ 45-ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുവാന്‍ തയാറെടുക്കുകയാണ്. ഈ അവസരത്തില്‍ അമേരിക്കയിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന ചില രേഖകള്‍, അവിടെ സന്ദര്‍ശിക്കുന്നവരോട് പറയുന്നത് അമേരിക്ക എന്ന രാജ്യത്തിന്റെ വിശ്വാസ പാരമ്പര്യത്തെ കുറിച്ചു കൂടിയാണ്. 1789 ഏപ്രില്‍ മാസം 30-ാം തീയതി രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി ജോര്‍ജ് വാഷിംഗ്ടണ്‍ സത്യപ്രതിജ്ഞ ചെയ്ത ബൈബിള്‍ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ മാസം 20-ാം തീയതി മുതല്‍ ഇത് കാണുവാനുള്ള അവസരവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

രാജ്യത്ത് പുതിയ പ്രസിഡന്റുമാര്‍ അധികാരത്തിലേക്ക് വരുമ്പോള്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ഇത്തരം ചരിത്രപ്രധാന്യമുള്ള രേഖകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പതിവിന് ആദ്യത്തെ പ്രസിഡന്റായ ജോര്‍ജ് വാഷിംഗ്ടണ്‍ തന്നെയാണ് തുടക്കം കുറിച്ചത്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയത്ത് 73 പേജുള്ള ഒരു പ്രസംഗവും അദ്ദേഹം എഴുതി തയ്യാറാക്കി വായിച്ചിരുന്നു. ഈ പ്രസംഗത്തിന്റെ ഒന്നാമത്തെ പേജും അവസാനത്തെ പേജും നാഷണല്‍ ആര്‍ക്കൈവ്‌സ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ബൈബിളില്‍ തൊട്ട് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് പ്രത്യേക നിയമം ഒന്നും തന്നെ യുഎസില്‍ നിലനില്‍ക്കുന്നില്ല. എന്നിരുന്നാലും രാജ്യത്തെ പ്രസിഡന്റുമാരില്‍ ബഹുഭൂരിപക്ഷവും ബൈബിളില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക് എത്തിയത്. തങ്ങളുടെ ഉള്ളിലെ ദൈവവിശ്വാസത്തിന്റെ പരസ്യമായ സാക്ഷ്യമാണ് അവര്‍ നല്‍കിയത്. സെന്റ് ജോണ്‍സ് മാസോണിക് ലോഡ്ജില്‍ നിന്നും കടമെടുത്ത ഒരു ബൈബിളാണ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ജോര്‍ജ് വാഷിംഗ്ടണ്‍ ഉപയോഗിച്ചത്.

ബൈബിള്‍ തുറന്ന ശേഷം ഉല്‍പ്പത്തി പുസ്തകത്തിലെ 49-50 അധ്യായങ്ങള്‍ വരുന്ന ഭാഗത്തു തൊട്ടാണ് ജോര്‍ജ് വാഷിംഗ്ടണ്‍ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമല്ല അദ്ദേഹം ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത്. ജോണ്‍ ക്യുന്‍സി ആദംസ് യുഎസിലെ നിയമപുസ്തകത്തില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, തിയൊഡോര്‍ റൂസ്‌വെല്‍റ്റ് ഒരു പുസ്തകത്തിലും തൊടാതെയും സത്യപ്രതിജ്ഞ ചെയ്തുവെന്ന് ചരിത്രം സാക്ഷിക്കുന്നു. നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ജനുവരി 20നാണ് നടക്കുന്നത്. അത് മറ്റൊരു ക്രൈസ്തവസാക്ഷ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Related Articles »