News - 2025
മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിലേക്ക് ആർച്ച് ബിഷപ്പിനെ നിയമിച്ച് ഡൊണാള്‍ഡ് ട്രംപ്
പ്രവാചകശബ്ദം 17-05-2025 - Saturday
വാഷിംഗ്ടണ്‍ ഡിസി: രാജ്യത്ത് പുതുതായി സ്ഥാപിതമായ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയിലേക്ക് സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണ്‍ ഉള്‍പ്പെടെ മൂന്നു കത്തോലിക്ക മെത്രാന്മാരെ നിയമിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2012 മുതൽ സാൻ ഫ്രാൻസിസ്കോ അതിരൂപത അദ്ധ്യക്ഷനായി സേവനമനുഷ്ഠിക്കുന്ന കോർഡിലിയോൺ, കമ്മീഷന്റെ പ്രവർത്തനങ്ങളിൽ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കും. ന്യൂയോർക്ക് അതിരൂപതയിലെ കർദ്ദിനാൾ തിമോത്തി ഡോളനും മിനസോട്ടയിലെ വിനോന-റോച്ചസ്റ്റർ രൂപതയിലെ ബിഷപ്പ് റോബർട്ട് ബാരോണും കമ്മീഷനിലേക്ക് നേരത്തെ നിയമിക്കപ്പെട്ട അംഗങ്ങളാണ്.
ഉപദേശക സമിതിയുടെ പ്രത്യേക ചുമതലകൾ എന്തായിരിക്കുമെന്ന് തനിക്കറിയില്ലെന്ന് കോർഡിലിയോൺ കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. സഭയുടെ ആശങ്കകൾ കേൾക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉപദേശക സമിതിയിൽ കത്തോലിക്ക ശബ്ദം ഉണ്ടായിരിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നു അദ്ദേഹം പറഞ്ഞു. ഇക്കാലഘട്ടത്തിൽ മതസ്വാതന്ത്ര്യം നിർണായക പ്രശ്നമാണെന്നും അത് പ്രതിരോധിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും വേണമെന്നും ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമായ ഈ സുപ്രധാന വിഷയത്തിൽ കത്തോലിക്കരുടെ ശബ്ദം നൽകുന്നതിൽ സഹോദര ബിഷപ്പുമാരോടൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്നും ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണ്‍ കൂട്ടിച്ചേര്‍ത്തു.
മെയ് 1 ന്, രാജ്യത്തിന്റെ ദേശീയ പ്രാർത്ഥനാ ദിനത്തോടനുബന്ധിച്ച്, പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ട്രംപ് കമ്മീഷൻ സ്ഥാപിച്ചത്. അമേരിക്കയിൽ മതസ്വാതന്ത്ര്യത്തിന് നേരിടുന്ന നിലവിലെ ഭീഷണികളെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുക, മത സ്വാതന്ത്ര്യ അവകാശങ്ങൾക്കുള്ള നിയമപരമായ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുക എന്നിവയാണ് കമ്മീഷന്റെ ചുമതല. ഫെഡറൽ, സംസ്ഥാന നയങ്ങൾ മതസ്വാതന്ത്ര്യ അവകാശങ്ങളെ ലംഘിച്ചുവെന്ന ആശങ്കകൾക്കിടെയാണ് പ്രസിഡന്റ് കമ്മീഷൻ സ്ഥാപിച്ചത്. കമ്മീഷനിലെ മറ്റ് അംഗങ്ങളിൽ പാസ്റ്റർ പോള വൈറ്റ് ഉള്‍പ്പെടെയുള്ള പ്രൊട്ടസ്റ്റന്റ് നേതാക്കൾ, റബ്ബിമാർ, ഇമാമുകൾ എന്നിവരും ഉൾപ്പെടുന്നു. ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയായ ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് ആണ് കമ്മീഷന്റെ ചെയർമാൻ.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
