India - 2025
ഒരുമിച്ച് പ്രാർത്ഥിച്ച് പ്രതിബന്ധങ്ങളെ അതിജീവിക്കാൻ കുടുംബങ്ങള്‍ക്ക് കഴിയണം: മാർ ജോസ് പുളിക്കൽ
സ്വന്തം ലേഖകന്‍ 04-03-2017 - Saturday
ചങ്ങനാശേരി: ഒരുമിച്ച് പ്രാർത്ഥിച്ച് പ്രതിബന്ധങ്ങളെ അതിജീവിക്കാൻ കുടുംബങ്ങൾക്ക് കഴിയണമെന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. പാറേൽ പള്ളി മൈതാനിയിൽ നടക്കുന്ന അതിരൂപത ബൈബിൾ കണ്‍വൻഷന്റെ നാലാം ദിവസമായ ഇന്നലെ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.
"പ്രാർത്ഥനയ്ക്കു സമയം കണ്ടെത്താത്ത കുടുംബങ്ങൾ തകർച്ചയിലേക്കു നിപതിക്കും. ദൈവസാന്നിധ്യം പടിയിറങ്ങുന്ന കുടുംബങ്ങൾ മരുഭൂമി പോലെയാകും. അതിനാൽ ഒരുമിച്ച് പ്രാർഥിച്ച് ശക്തിനേടി പ്രതിബന്ധങ്ങളെ അതിജീവിക്കാൻ കുടുംബങ്ങൾക്ക് കഴിയണം. ഇതിന് മാതാപിതാക്കൾ ജാഗ്രതയുള്ളവരാകണം. സഭയുടെ അടിസ്ഥാനമായ കുടുംബങ്ങളിലൂടെയാണ് വിശ്വാസമെന്ന ഏറ്റവും വലിയ പിതൃസ്വത്ത് കൈമാറ്റം ചെയ്യപ്പെടേണ്ടത്."
"ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട വിശ്വാസമാണ് സഭയുടെ വിശ്വാസം. ഈശോയുടെ പ്രാർഥനയിൽ പിതാവിന്റെ സ്വരം മുഴങ്ങുകയും സ്വർഗം തുറക്കുകയും പരിശുദ്ധാത്മാവ് ഇറങ്ങിവരുകയും ചെയ്തു. നമ്മുടെ പ്രാർഥനകളിലും ഇതേ അനുഭവമാണ് ഉണ്ടാകേണ്ടത്. ദൈവസ്നേഹത്തിൽനിന്ന് അകലുമ്പോൾ നമ്മിൽ ഭയവും വെറുപ്പും വിദ്വേഷവും അപഹർഷതാബോധവും കലഹവും തകർച്ചയും മരണവും സംഭവിക്കുന്നു". മാർ ജോസ് പുളിക്കൽ പറഞ്ഞു.
ഇന്നലെ രാവിലെ ബ്രദർ തോമസ് പോളും വൈകുന്നേരം ഫാ. ജോസഫ് പുത്തൻപുരയും വചനപ്രഘോഷണം നടത്തി. ആൽബിൻ ശാന്തിഭവൻ അനുഭവസാക്ഷ്യം പങ്കുവച്ചു. കണ്വൻഷൻ സമാപന ദിവസമായ ഇന്ന് രണ്ട് സെഷനിലും ഫാ. ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും.
