India
ഫാ. ടോമിന്റെ മോചനത്തിനായി സര്‍ക്കാര്‍ നടപടികള്‍ കാര്യക്ഷമമാകണം: കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ്
സ്വന്തം ലേഖകന്‍ 05-03-2017 - Sunday
കൊച്ചി: ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ നടപടികൾ കാര്യക്ഷമമാകണമെന്ന് സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. ഫാ. ടോം ഉഴുന്നാലിൽ ബന്ദിയാക്കപ്പെട്ടതിന്റെ ഒന്നാം വാർഷികദിനമായ ഇന്നലെ കേരള കത്തോലിക്കാ മെത്രാൻസമിതിയും (കെസിബിസി) സലേഷ്യൻ സഭയുടെ (എസ്ഡിബി) ബംഗളൂരു പ്രോവിൻസും സംയുക്തമായി കൊച്ചിയിൽ നടത്തിയ പ്രാർഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
"ഫാ. ടോം ഉഴുന്നാലിൽ ബന്ദിയാക്കപ്പെട്ടതിൽ ഫ്രാൻസിസ് പാപ്പ അതീവദു:ഖിതനാണ്. മോചനത്തിനായി സാധ്യമായ ഇടപെടലുകൾ വത്തിക്കാൻ നടത്തുന്നുണ്ട്. ജനസംഖ്യയുടെ പതിന്മടങ്ങ് ആവേശത്തോടെ രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രയത്നിച്ചവരാണു ക്രൈസ്തവർ. ഭാരതത്തിലെ പൗരൻ എന്ന നിലയിൽ അച്ചനെ മോചിപ്പിക്കാൻ ഭാരത സർക്കാരിനു കടമയുണ്ട്". കര്‍ദിനാള്‍ ക്ലീമീസ് പറഞ്ഞു.
സിബിസിഐയും കെസിബിസിയും ടോം ഉഴുന്നാലിൻറെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളെ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് ആമുഖസംഭാഷണം നടത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
"തീവ്രവാദത്തിനും വർഗീയതയ്ക്കുമെതിരേ കുട്ടികളിലും മുതിർന്നവരിലും അവബോധം ഉണർത്തണം. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ അതിനായി പരിശീലനം ആവശ്യമാണ്. വ്യക്തികളിലും സമൂഹത്തിലും ക്രിയാത്മകമായ ഊർജം വളർത്തുന്പോഴാണു നശീകരണസംസ്കാരത്തെ പ്രതിരോധിക്കാൻ സാധിക്കുക". കർദിനാൾ മാർ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
എറണാകുളം ടൗണ്‍ഹാളിൽ നടന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. 57 മെത്രാൻമാരും വൈദികരും സന്യസ്തരും വിശ്വാസികളുമടക്കം നിരവധിപേർ പ്രാര്‍ത്ഥന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തി.
