India - 2025
സഭയ്ക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: തലശ്ശേരി അതിരൂപത
സ്വന്തം ലേഖകന്‍ 07-03-2017 - Tuesday
തലശേരി: കൊട്ടിയൂര്‍ സംഭവത്തിന്റെ പേരില്‍ കത്തോലിക്കാ സഭയേയും സഭാസ്ഥാപനങ്ങളേയും വൈദികരെയും അപമാനിക്കുവാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നു സംശയിക്കുന്നതായി തതലശ്ശേരി അതിരൂപത. കുട്ടിക്കെതിരേ വൈദികൻ നടത്തിയ കുറ്റം അങ്ങേയറ്റം അപലനീയവും ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇക്കാര്യം സഭാതലവനായ മേജർ ആർച്ചുബിഷപ്പും മാനന്തവാടി രൂപതാധ്യക്ഷനും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്.
ഇരയുടെയും കുടുംബത്തിന്റെയും കണ്ണുനീരിനോടൊത്ത് സഭയൊന്നാകെ സങ്കടത്തിലാണ്. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ സഭയെ പ്രതികൂട്ടിലാക്കുവാനുള്ള സംഘടിത ശ്രമങ്ങളെ സംശയത്തോടെ നോക്കി കാണുന്നു. അതിരൂപത വ്യക്തമാക്കി. സഭയെ ഒന്നാകെ പ്രതിക്കൂട്ടിലാക്കാനുള്ള സംഘടിതമായ നീക്കം നടക്കുന്നതായി സംശയിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അന്വേഷണം സത്യസന്ധമായി നടത്തണമെന്ന തലശേരി അതിരൂപതയുടെ പ്രസ്താവനയോട് ഭരണകക്ഷിയുടെ ജില്ലാസെക്രട്ടറി നടത്തിയ പ്രതികരണം ജനാധിപത്യ മര്യാദകൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും നിരക്കാത്തതാണ്.
പ്രസവശുശ്രൂഷ നൽകിയ ആശുപത്രിയിലെ ഡോക്ടർമാരെ ജാമ്യമില്ലാത്ത പോക്സോ നിയമം ചുമത്തി ജയിലിലടയ്ക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥർ വ്യഗ്രതപ്പെടുന്നത് അടിസ്ഥാനരഹിതമായാണ്. കാരണം, മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നിന്നു റഫർചെയ്തുവന്ന പെണ്‍കുട്ടിയുടെ മെഡിക്കൽ രേഖയിൽ പ്രായം 18 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കുട്ടിക്ക് പ്രായപൂർത്തിയായശേഷമാണ് ഗർഭം ധരിച്ചത് എന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.
അമ്മയുടെ പ്രായം 18 എന്നു രേഖപ്പെടുത്തി ആശുപത്രിയിൽനിന്നു തന്നെ ബന്ധുക്കൾ അപേക്ഷാഫോം പൂരിപ്പിച്ച് മുനിസിപ്പാലിറ്റിയിൽ നവജാതശിശുവിന്റെ ജനനം രജിസ്റ്റർ ചെയ്തിരുന്നു. സംശയകരമോ കുറ്റകരമോ ആയ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ മുനിസിപ്പാലിറ്റി അധികൃതർ നടപടി സ്വീകരിക്കേണ്ടതായിരുന്നില്ലേ? കുട്ടിയുടെ പ്രായത്തെക്കുറിച്ച് മാതാപിതാക്കൾ നൽകുന്ന സാക്ഷ്യം വിശ്വസിക്കുന്നത് കുറ്റകരമാണോ?
അവിവാഹിതർക്ക് പ്രസവശുശ്രൂഷ ചെയ്യുന്നത് ക്രിമിനൽ കുറ്റമായി ചിത്രീകരിക്കുന്നത് ആരുടെ തിരക്കഥയനുസരിച്ചാണ് എന്നീ ചോദ്യങ്ങൾ പ്രസക്തമാണ്. സഭാസ്ഥാപനങ്ങൾക്കെതിരേ ഒട്ടേറെ നുണപ്രചാരണങ്ങൾ ബോധപൂർവം നടക്കുന്നു എന്നതും ശ്രദ്ധേയമാണ്. ആശുപത്രി അധികൃതർ കുട്ടിയുടെ പ്രായം തിരുത്തി, പള്ളി രജിസ്റ്ററിലും സ്കൂൾ രജിസ്റ്ററിലും ജനനതീയതി തിരുത്തി തുടങ്ങിയ നുണകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യം സംശയകരമാണ്.
മേൽപ്പറഞ്ഞ രേഖകളെല്ലാം ആർക്കും പരിശോധിച്ചു വ്യക്തത വരുത്താനാകുമായിരുന്നിട്ടും സംശയത്തിന്റെ പുകമറസൃഷ്ടിക്കുന്നതിൽ ചില നിക്ഷിപ്ത താത്പര്യക്കാരുടെ ഗൂഢാലോചന സംശയിക്കാവുന്നതാണ്. ഇത്തരം നുണപ്രചാരണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതും അവർ അതിനനുസൃതമായ നടപടികൾ സ്വീകരിക്കുന്നതും നീതിനിഷേധമായി പരിണമിക്കും.
ആശുപത്രിയിൽ നടന്ന പ്രസവത്തെക്കുറിച്ച് ഫെബ്രുവരി 10ന് ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷിച്ചപ്പോൾ കുട്ടിയുടെ മേൽവിലാസമുൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയത് ആശുപത്രി അധികൃതരാണ്. അന്നുമുതൽ ഇന്നോളം അന്വേഷണത്തോട് പൂർണമായും സത്യസന്ധമായും സഹകരിച്ചവരെ പോക്സോ നിയമപ്രകാരം തടവിലാക്കാൻ കരുനീക്കിയതിൽ നിയമത്തിനപ്പുറത്തുള്ള താത്പര്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രസവത്തിനുശേഷം നവജാതശിശുവിനെ കൊണ്ടുപോകാൻ മാതാപിതാക്കളെ അനുവദിച്ചു എന്നത് ക്രിമിനൽ കുറ്റമാണോ? നവജാതശിശുവിന്റെ അവകാശം മാതാപിതാക്കൾക്കാണോ ആശുപത്രി അധികൃതർക്കാണോ എന്ന് അറിയാത്തവരല്ല ഇതേക്കുറിച്ചു ചർച്ചചെയ്യുന്നവർ. പ്രസവത്തിന്റെ പിറ്റേന്ന് അമ്മയോടൊപ്പം ഡിസ്ചാർജ് ചെയ്യേണ്ട കുഞ്ഞിനെ രേഖാമൂലം എഴുതിനൽകിയ സ്വന്തം ഉത്തരവാദിത്വത്തിൽ ഏതാനും മണിക്കൂറുകൾക്കു മുമ്പ് ഉത്തരവാദപ്പെട്ടവർ കൊണ്ടുപോയി എന്നത് സത്യമാണ്.
അവിവാഹിതയായ അമ്മയുടെ അഭിമാനം രക്ഷിക്കാൻവേണ്ടി മാതാപിതാക്കൾ എടുത്ത തീരുമാനത്തെ ആശുപത്രി അധികൃതർ എതിർക്കാതിരുന്നത് കുറ്റകരമാണോ? അവിവാഹിത അമ്മമാരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അമ്മത്തൊട്ടിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിയമാനുസൃതം നിലവിലുള്ള നാട്ടിൽ ഇതിന്റെപേരിൽ പുകമറ സൃഷ്ടിക്കുന്നവരുടെ ദുരുദ്ദേശ്യം വ്യക്തമാണ്.
പ്രസ്തുത കുഞ്ഞിന് അഭയമരുളിയ വൈത്തിരിയിലെ കന്യാസ്ത്രീമാരെയും ഗൂഢലോചനയുടെ ഭാഗമാക്കി പോക്സോ നിയമം ചുമത്തി ജയിലിലടക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷ്യം നിക്ഷ്പക്ഷമതികൾ വിലയിരുത്തട്ടെ. സഭയുടെ ധാർമികശബ്ദത്തെ വികലമാക്കി സഭയെ പ്രതിരോധത്തിലാക്കാനും അതുവഴി മദ്യനയം ഉൾപ്പടെ സഭ എതിർക്കുന്ന തെറ്റായ നയങ്ങൾ തടസംകൂടാതെ നടപ്പിലാക്കാനുമുള്ള ശ്രമം ഈ ആരോപണ പ്രവാഹത്തിനു പിന്നിൽ സംശയിക്കേണ്ടതുണ്ട്. കേസിൽ ഗൂഢാലോചന നടത്തുന്നത് സഭയല്ല; മറിച്ച് ചില വർഗീയ-രാഷ്ട്രീയ ശക്തികളും സഭാവിരോധികളുമാണ്. തലശ്ശേരി അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
