News - 2025
ദൈവത്തിന്റെ മുന്നില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസം നിലനില്‍ക്കുന്നതല്ല; മനുഷ്യര്‍ക്ക് സൃഷ്ടാവ് നല്‍കിയിരിക്കുന്നത് തുല്യമായ അവകാശം: ബിഷപ്പ് മാര്‍ക്ക് ഡേവീസ്
സ്വന്തം ലേഖകന്‍ 07-03-2017 - Tuesday
വാറിംഗ്ടണ്‍: സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്ന പല വാദങ്ങളും സഭയുടെ പഠിപ്പിക്കലുകള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണെന്ന് ഷ്രൂസ്‌ബെറി ബിഷപ്പ് മാര്‍ക്ക് ഡേവീസ്. ഷ്രൂസ്‌ബെറി രൂപതയുടെ കീഴിലുള്ള സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടെ അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്തുകൊണ്ടു വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനു മധ്യേ നടത്തിയ പ്രസംഗത്തിലാണ് ഈ വിഷയം അദ്ദേഹം പരാമര്‍ശിച്ചത്.
"ദൈവം സ്ത്രീയേയും പുരുഷനേയും അവിടുത്തെ സാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. പുരുഷനെന്നോ, സ്ത്രീയെന്നോ ഉള്ള വ്യത്യാസം ദൈവത്തിന്റെ ദൃഷ്ടിയില്‍ ഇല്ലെന്ന് വചനം പഠിക്കുമ്പോള്‍ നമുക്ക് മനസിലാക്കുവാന്‍ സാധിക്കും. തുല്യമായ അന്തസും ഭാഗധേയവുമാണ് ഇരുവര്‍ക്കും ദൈവം നല്‍കിയിരിക്കുന്നത്. ഇതിനാല്‍ തന്നെ ദൈവത്തിന്റെ ദൃഷ്ടിയില്‍ മനുഷ്യരെ അവിടുന്ന് വേര്‍ത്തിരിച്ചു കാണുന്നില്ല. ഇതിനാല്‍ തന്നെ സമൂഹത്തില്‍ ഇന്ന് തുല്യതയ്ക്കു വേണ്ടി നടക്കുന്ന പല ചര്‍ച്ചകളും അര്‍ത്ഥ ശൂന്യമാണ്".
"സമൂഹത്തില്‍ ചിലര്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തി ആവശ്യമില്ലാത്ത വിവാദങ്ങളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. ഇത് ദുഃഖകരമാണ്. നമ്മുടെ സമൂഹത്തില്‍ ചില മേഖലകളില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരേ പോലെ മാറ്റി നിര്‍ത്തപ്പെടുന്നുണ്ട്. ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ അല്ല ഞാന്‍ വിമര്‍ശിക്കുന്നതെന്നും പ്രത്യേകം എടുത്തു പറയട്ടെ. ചില പ്രത്യേക അജണ്ടകള്‍ ഉള്ള ഗ്രൂപ്പുകള്‍ സഭയുടെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കടന്നു കയറി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കാര്യവും ഇവിടെ പറയുവാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു. സഭയുടെ താല്‍പര്യങ്ങളേയും പഠിപ്പിക്കലുകളേയും അന്ധമായി എതിര്‍ക്കുന്നവരാണ് ഇവര്‍. ഇത്തരക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണം". ബിഷപ്പ് മാര്‍ക്ക് ഡേവീസ് പറഞ്ഞു.
ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള പാപങ്ങളിലും ലിംഗ വിവേചനം കാണിക്കുന്നുണ്ടെന്ന കാര്യവും ബിഷപ്പ് ഡേവീസ് ചൂണ്ടികാണിച്ചു. മനുഷ്യര്‍ക്ക് ഒരേ പോലെയുള്ള അന്തസും, പരിഗണനയും നല്‍കിയ ക്രിസ്തുവിന്റെ സ്‌നേഹത്തെ ഓര്‍ത്ത് എല്ലായ്‌പ്പോഴും നാം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും ബിഷപ്പ് ഡേവീസ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
