India - 2025
പൗരസ്ത്യ വിദ്യാപീഠത്തിന് പുതിയ നിയമനം
സ്വന്തം ലേഖകന്‍ 07-03-2017 - Tuesday
പാലാ: 1982-ൽ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ സ്ഥാപിതമായ പൗരസ്ത്യ വിദ്യാപീഠത്തിന്റെ ഏഴാമത്തെ പ്രസിഡന്റായി റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ നിയമിതനായി. വിദ്യാപീഠത്തില്‍ പുതിയതായി ആരംഭിച്ച പൗരസ്ത്യ കാനൻ നിയമസംഹിതയിൽ മാസ്റ്റേഴ്സ് ബിരുദത്തിന്റെ പ്രഥമ ഡയറക്ടറായി റവ. ഡോ. ജെയിംസ് തലച്ചെല്ലൂറും നിയമിക്കപ്പെട്ടിട്ടുണ്ട്.
പൗരസ്ത്യസഭാ ദർശനങ്ങളിലൂന്നിയ പഠനത്തിനും ഗവേഷണത്തിനും വഴിയൊരുക്കുന്നതിനായി സ്ഥാപിക്കപ്പെട്ട കേന്ദ്രമാണ് പൗരസ്ത്യ വിദ്യാപീഠം. ഇന്നലെ സെമിനാരി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ വച്ച് വിദ്യാപീഠം വൈസ് ചാൻസലറും സെമിനാരി കമ്മീഷൻ ചെയർമാനുമായ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടമാണ് നിയമനവിവരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ആറു വർഷം പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റായി സ്തുത്യർഹമായ സേവനം കാഴ്ചവച്ച റവ. ഡോ. വിൻസെന്റ് ആലപ്പാട്ട് ഒൗദ്യോഗിക കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റ് ചുമതലയേൽക്കുന്നത്. പാലാ രൂപതാംഗമായ റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ റോമിൽ നിന്ന് വിശുദ്ധഗ്രന്ഥദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 17 വർഷമായി പൗരസ്ത്യവിദ്യാപീഠത്തിൽ പ്രഫസറായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം. കാഞ്ഞിരപ്പള്ളി രൂപതാംഗമാണ് റവ. ഡോ. ജെയിംസ് തലച്ചെല്ലൂർ.
