Title News - 2025

ഹോങ്കോങ്ങിൽ ക്രൈസ്തവവിശ്വാസം കൂടുതൽ ശക്തിപ്രാപിക്കുന്നു; കത്തോലിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന

സ്വന്തം ലേഖകന്‍ 09-03-2017 - Thursday

ലോകത്തിന്റെ നാനാഭാഗങ്ങളിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുമ്പോഴും ഹോങ്കോങ്ങിൽ ക്രൈസ്തവവിശ്വാസം കൂടുതൽ ശക്തിപ്രാപിക്കുന്നു. ഈ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച ‘ഹോങ്കോങ്ങ് കത്തോലിക്ക് ചര്‍ച്ച് ഡയറക്ടറി 2017’-ലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഹോങ്കോങ്ങിലെ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 5,90,000 എന്ന സംഖ്യ മറികടന്നു. സഭയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹോങ്കോങ്ങിലെ കത്തോലിക്കരുടെ എണ്ണം ഏതാണ്ട് 5,91,000 ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ 3,89,000 പേരോളം തദ്ദേശ വാസികളാണ്.

സ്വദേശികളല്ലാത്തവരില്‍ ഭൂരിഭാഗവും ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ്. അവരുടെ എണ്ണം ഏതാണ്ട് 1,66,000ത്തോളം വരും, മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ എണ്ണം 36,000ത്തോളമാണ്. 2016-ല്‍ തന്നെ ഏതാണ്ട് 6,633 ഓളം പേര്‍ മാമ്മോദീസ മുങ്ങിയതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ശരാശരി 6,000ത്തോളം ആളുകള്‍ വീതം മാമ്മോദീസ മുങ്ങിയതായും ഈ 6000 പേരില്‍ പകുതിയും പ്രായപൂര്‍ത്തിയായവരാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

പുതുതായി മാമ്മോദീസ സ്വീകരിക്കുന്നവരുടെ എണ്ണം ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് വരുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്ന് 'സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് കത്തോലിക് ലൈറ്റി’യുടെ സെക്രട്ടറിയായ വിക്ടോറിയ ഓ ബിംഗ്-സും പറഞ്ഞു. വ്യകതിപരമായ ആത്മീയ രൂപീകരണത്തെ ശക്തിപ്പെടുത്തുകയും, ഇടവക സംഘടനകളില്‍ ചേരുവാന്‍ വിശ്വാസികളെ മതബോധാകര്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബിംഗ്-സും കൂട്ടിച്ചേര്‍ത്തു.

2016-ൽ ലഭ്യമായ കണക്കുകള്‍ പ്രകാരം ഹോങ്കോങ്ങ് രൂപതയില്‍ 288 പുരോഹിതരും, 469 സിസ്റ്റേഴ്സും, 29 ഡീക്കന്‍മാരും, 58 ബ്രദര്‍മാരും, 24 സെമിനാരി വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്.


Related Articles »