India - 2025
പാലാ രൂപതയില്‍ പ്രവാസി കാര്യാലയം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 12-03-2017 - Sunday
പാലാ: വിവിധരാജ്യങ്ങളിലും വിഭിന്ന രൂപതകളിലുമായി ചിതറികിടക്കുന്ന സമുദായാംഗങ്ങളായ പ്രവാസികളുടെ വിവരശേഖരണവും വിഭവശേഷി വിനിയോഗവും ലക്ഷ്യം വെച്ചു പാലാ രൂപതയിൽ പ്രവാസികാര്യാലയത്തിനു തുടക്കം കുറിച്ചു. നാനാതുറകളിൽ പ്രഗൽഭരായ പ്രവാസികളെ കണ്ടെത്തി ആദരിക്കുന്നതിനും പ്രവാസിസമൂഹത്തിലെ സാധ്യതകൾ ഭാവി തലമുറയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും പ്രവാസികാര്യാലയം നേതൃത്വം കൊടുക്കും.
പ്രവാസി കാര്യാലയത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് നിര്‍വ്വഹിച്ചത്. ഹൈറേഞ്ചിലേക്കും മലബാറിലേക്കും കുടിയേറിയ മുൻതലമുറയുടെ തുടർച്ചയായി ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു പാലാ രൂപതാംഗങ്ങൾ കടന്നു ചെല്ലുന്നതായി ബിഷപ്പ് പറഞ്ഞു. ഇന്റർനെറ്റ് ഇവാഞ്ചലൈസേഷന്റെ ആധുനികകാലത്തു പ്രവാസി കൂട്ടായ്മകൾ അനിവാര്യമാണ്.
കേരളത്തിൽനിന്നു പുറത്തേക്കു പോകുന്നവരിലും നാട്ടിലേക്കുവരുന്ന പ്രവാസിസമൂഹത്തിലും കരുതലാർന്ന ഇടപെടലുകൾ ഉണ്ടാവണമെന്നു ബിഷപ് കൂട്ടിച്ചേര്‍ത്തു. പ്രവാസികാര്യാലയത്തിന്റെ ഡയറക്ടറായി രാമപുരം മാർ അഗസ്തീനോസ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരിയെ നിയമിച്ചിട്ടുണ്ട്.
ഷാലോം പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ വികാരിജനറാൾ മോണ്‍.ജോസഫ് കുഴിഞ്ഞാലിൽ അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യൻ വേത്താനം, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.മാത്യു പുല്ലുകാലായിൽ, ഫാ.സക്കറിയ വേകത്താനം, ഫാ.ജോയൽ പണ്ടാരപ്പറന്പിൽ,ഫാ.കുര്യക്കോസ് കാപ്പിലപ്പറന്പിൽ, ഫാ.ജോസഫ് മുകളേപ്പറന്പിൽ, ഫാ.ജോസഫ് കിഴക്കേക്കുറ്റ്, ഡാന്റീസ് കൂനാനിക്കൽ, ആകാശ് തെങ്ങുംപള്ളിൽ, ജോമോൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.
