India - 2025
മാതാപിതാക്കളെ സംരക്ഷിക്കുമ്പോള്‍ നാം ദൈവത്തെയാണ് പ്രസാദിപ്പിക്കുന്നത്: മാർ ജേക്കബ് മുരിക്കന്‍
സ്വന്തം ലേഖകന്‍ 30-03-2017 - Thursday
പാലാ: മാതാപിതാക്കളെ സംരക്ഷിക്കുമ്പോഴും മക്കളെ നന്നായി വളർത്തുമ്പോഴും സഹോദരങ്ങളെ സഹായിക്കുമ്പോഴും നിസഹായർക്കു താങ്ങാകുമ്പോഴും നാം ദൈവത്തെയാണു പ്രസാദിപ്പിക്കുന്നതെന്ന് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. ഇരുപതാമത് വല്ലം ഫൊറോന ബൈബിൾ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവവചനം അറിയുകയും അനുഭവിക്കുകയും ജീവിക്കുകയും ചെയ്യുമ്പോൾ നാം യേശുവിന്റെ രക്ഷാകര കർമത്തിൽ പങ്കാളിയാകുകയാണ്. പാരമ്പര്യമായി പിന്തുടരുന്ന അനുഷ്ഠാനങ്ങളും ആധ്യാത്മികതയും നാം ഉപേക്ഷിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് മുൻതലമുറകൾ കാത്തുസൂക്ഷിച്ചു കൈമാറിയ നന്മകളാണ്. മാതാപിതാക്കളെ സംരക്ഷിക്കുമ്പോഴും മക്കളെ നന്നായി വളർത്തുമ്പോഴും സഹോദരങ്ങളെ സഹായിക്കുമ്പോഴും നിസഹായർക്കു താങ്ങാകുമ്പോഴും നാം ദൈവത്തെയാണു പ്രസാദിപ്പിക്കുന്നത്. ബിഷപ് പറഞ്ഞു.
ഫൊറോനയിലെ ഇടവക വികാരിമാരുടെ കാർമികത്വത്തിൽ നടത്തിയ ദിവ്യബലിയോടെയാണ് കണ്വൻഷൻ ആരംഭിച്ചത്. കപ്പൂച്ചിൻ സന്യാസ വൈദികർ നയിക്കുന്ന അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കണ്‍വൻഷനിൽ ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോബി കരിക്കംപള്ളി, ഫാ. സുരേഷ് കരൂർ, ഫാ. തോമസ് കാഞ്ഞിരക്കോണം, ഫാ. ജോർജ് കുന്നേൽ, ഫാ. മാത്യു താണ്ടിയാക്കുടി, ഫാ. ജോണ്‍ വാഴപ്പനാടി തുടങ്ങിയവർ വചനസന്ദേശം നൽകും.
അയ്മുറി സെന്റ് ആൻസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കണ്‍വൻഷനിൽ എല്ലാ ദിവസം വൈകുന്നേരം 4.30 മുതൽ 9.30വരെ ജപമാല, ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തിശുശ്രൂഷ, വിടുതൽശുശ്രൂഷ എന്നിവ നടക്കും.
