India - 2025

കലാലയങ്ങളില്‍ അക്രമം അഴിച്ചുവിടുന്നവരെ ഒറ്റപ്പെടുത്തണം: കര്‍ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 06-04-2017 - Thursday

കൊച്ചി: അറിവിന്റെ വിനിമയവും വ്യക്തിത്വങ്ങളുടെ രൂപീകരണവും നടക്കുന്ന കലാലയങ്ങളില്‍ അക്രമം അഴിച്ചുവിടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തൊടുപുഴ ന്യൂമാന്‍ കോളജില്‍ വിദ്യാര്‍ഥി സംഘടനയുടെ പേരില്‍ ഒരു വിഭാഗം നടത്തിയ അക്രമങ്ങള്‍ ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും ഭാവി ശിഥിലമാക്കുന്ന വ്യക്തിത്വങ്ങളെയല്ല, രാഷ്ട്രനിര്‍മാണത്തില്‍ ക്രിയാത്മകമായി പങ്കുവഹിക്കാനാവുന്നവരെയാവണം വിദ്യാര്‍ഥിസംഘടനകള്‍ സൃഷ്ടിക്കേണ്ടത്. അക്രമം നടത്തി വിദ്യാര്‍ഥികളെ ആകര്‍ഷിക്കാമെന്നു രാഷ്ട്രീയ, വിദ്യാര്‍ഥി സംഘടനകള്‍ കരുതുന്നതു മൗഢ്യമാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാരിന്റെ നിര്‍ദിഷ്ട ചര്‍ച്ച് ആക്ട് സംബന്ധിച്ചു കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം അവലോകനം നടത്തി. ക്രൈസ്തവരില്‍ വിഭാഗീയത സൃഷ്ടിക്കാനും വിശ്വാസജീവിതം ശിഥിലമാക്കാനും ലക്ഷ്യംവച്ചുള്ള നിയമനിര്‍മാണ നീക്കങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. നൂറ്റാണ്ടുകളായി നിയതമായ നിയമസംഹിതകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ ദേവാലയങ്ങളെയും സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്നും നേതൃസമ്മേളനം മുന്നറിയിപ്പു നല്‍കി.

പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍ സന്ദേശം നല്‍കി. കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, അഡ്വ. മാത്യു മൂത്തേടന്‍, ഭാരവാഹികളായ കെ.എം. ഫ്രാന്‍സിസ്, ജോസ്‌കുട്ടി മാടപ്പിള്ളി, സ്റ്റീഫന്‍ ജോര്‍ജ്, സാജു അലക്‌സ്, ഐപ്പച്ചന്‍ തടിക്കാട്, പീറ്റര്‍ ഞെരളക്കാട്ട്, ജോസ് മുക്കം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »