India - 2025
മദ്യനിരോധനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നു: ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാ സമിതി
സ്വന്തം ലേഖകന്‍ 07-04-2017 - Friday
ചങ്ങനാശേരി: സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം ഏർപ്പെടുത്താനുള്ള തീരുമാനത്തെ അട്ടിമറിക്കാൻ സർക്കാർ ഗൂഢനീക്കം നടത്തുന്നതായി ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി.
സുപ്രീംകോടതി വിധിയെ മറികടക്കാൻ ഹൈവേകളെ പുനർനിർണയിക്കാനുള്ള സർക്കാർ നീക്കം മദ്യലോബികളെ സഹായിക്കാനാണെന്നും ഘട്ടംഘട്ടമായി മദ്യനിരോധനം ഏർപ്പെടുത്താനുള്ള നയത്തിൽനിന്ന് സർക്കാർ പിന്നോട്ടു പോവുകയാണെന്നും യോഗം വിലയിരുത്തി.
ഒരു സ്ഥലത്ത് മദ്യശാല പ്രവർത്തിക്കണമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനം നൽകുന്ന ലൈസൻസ് വേണം എന്ന നിയമം ഇല്ലാതാക്കാൻ, ആ നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓർഡിനൻസ് ഇറക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്മാറണമെന്നും അത്തരം ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കരുതെന്നും ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
ജാഗ്രതാസമിതി കോ-ഓർഡിനേറ്റർ ഫാ.ആന്റണി തലച്ചല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. പിആർഒ ജോജി ചിറയിൽ അധ്യക്ഷനായിരിന്നു. ഫാ.ജോസഫ് പനക്കേഴം, പ്രഫ. ജെ.സി.മാടപ്പാട്ട്, കെ.വി.സെബാസ്റ്റ്യൻ, ഡൊമിനിക് ജോസഫ്, ലിബിൻ കുര്യാക്കോസ്, പ്രഫ. ആന്റണി മാത്യു, ടോം ജോസഫ്, പി.എ.കുര്യാച്ചൻ, ജോർജ് വർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.
