News - 2025
ആഗോള ക്രൈസ്തവ ജനസംഖ്യയില്‍ 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്ക ഒന്നാമത്
പ്രവാചകശബ്ദം 01-09-2025 - Monday
ന്യൂയോര്‍ക്ക്: ആഗോള ജനസംഖ്യയിലെ ക്രൈസ്തവരുടെ എണ്ണം സംബന്ധിച്ച വിശദമായ കണക്കുകളുമായി പുതിയ റിപ്പോര്‍ട്ട് പുറത്ത്. സിഐഎ വേൾഡ് ഫാക്റ്റ്ബുക്ക്, പ്യൂ റിസർച്ച്, യുഎൻ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ് എന്നിവയെ ക്രോഡീകരിച്ച് വിഷ്വല്‍ കാപ്പിറ്റലിസ്റ്റ് എന്ന മാധ്യമമാണ് ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 219 ദശലക്ഷം ക്രൈസ്തവരുമായി അമേരിക്കയാണ് ആഗോള ജനസംഖ്യയില്‍ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യമെന്ന് വിഷ്വൽ ക്യാപിറ്റലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
185 ദശലക്ഷം ക്രൈസ്തവ വിശ്വാസികളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള മെക്സിക്കോയില്‍ 118 ദശലക്ഷം ക്രൈസ്തവരുണ്ട്. ആഫ്രിക്കയിലെ ക്രൈസ്തവ ജനസംഖ്യയില്‍ കാര്യമായി വര്‍ദ്ധനവുണ്ട്. കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും കൂട്ടക്കൊലകളും അരങ്ങേറുന്ന നൈജീരിയയാണ് ക്രൈസ്തവ ജനസംഖ്യയില്‍ നാലാം സ്ഥാനത്തുള്ളത്. ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം കൂടിയാണ് നൈജീരിയ. 105 മില്യണ്‍ ക്രൈസ്തവരുമായി കോംഗോയാണ് തൊട്ടുപിറകേയുള്ളത്.
ഉയർന്ന ജനന നിരക്കു നിലനില്‍ക്കുന്നതിനാല്‍ 2050 പിന്നിട്ടാലും ആഫ്രിക്കയിലെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിഷ്വൽ ക്യാപിറ്റലിസ്റ്റിന്റെ അനുമാനം. 100 ദശലക്ഷം ക്രൈസ്തവരുള്ള ഫിലിപ്പീന്‍സാണ് ഏഷ്യയില്‍ ഏറ്റവും അധികം ക്രൈസ്തവരുള്ള രാജ്യം. ജനസംഖ്യയുടെ 85.3% ക്രൈസ്തവരുള്ള ഫിലിപ്പീന്‍സ് ആഗോള ക്രൈസ്തവ ജനസംഖ്യയുടെ റാങ്കില്‍ ആറാം സ്ഥാനത്താണ്. 72 ദശലക്ഷം ക്രൈസ്തവരുള്ള ചൈനയും 34 ദശലക്ഷം ഭാരതത്തിലെ ക്രൈസ്തവരുമാണ് ആദ്യ 25-ല്‍ ഇടം നേടിയിരിക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
