India - 2025
ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന് ഇന്ന് 91ാം ജന്മദിനം
സ്വന്തം ലേഖകന്‍ 10-04-2017 - Monday
പാലാ: പാലാ രൂപതയുടെ രണ്ടാമത്തെ ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന് ഇന്ന് 91-ാം ജന്മദിനം. പാലാ രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലിന്റെ പിൻഗാമിയായിരിന്ന മാർ പള്ളിക്കാപറമ്പിൽ മെത്രാഭിഷിക്തനായിട്ടു നാല്പത്തിനാലു വർഷങ്ങൾ പൂർത്തിയാവുകയാണ്. പൗരോഹിത്യസ്വീകരണത്തിന്റെ അറുപതാം വർഷത്തിലേക്കു അദ്ദേഹം ഇക്കൊല്ലം പ്രവേശിക്കുന്നുയെന്നതും ശ്രദ്ധേയമാണ്.
1927-ല്‍ പള്ളിക്കാപറമ്പിൽ ദേവസ്യ- കത്രി ദമ്പതികളുടെ ആറുമക്കളിൽ മൂന്നാമനായി രാമപുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ മാതാവിന്റെ ബന്ധുകൂടിയായിരുന്ന വാഴ്ത്തപ്പെട്ട തേവർപറന്പിൽ കുഞ്ഞച്ചനിൽനിന്നു മാമ്മോദീസാ സ്വീകരിച്ചു. എംഎ വരെയുള്ള വിദ്യാഭ്യാസം പൂർത്തീകരിച്ചശേഷമാണു സെമിനാരിയിൽ പ്രവേശിച്ചത്. ചങ്ങനാശേരി എസ് ബി കോളജിലും തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളജിലും മദ്രാസ് ലെയോള കോളജിലും പഠിച്ച അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു ഉപരിപഠനം പൂർത്തിയാക്കിയത്.
അതിനുശേഷം ചങ്ങനാശേരിയിലെ സെന്റ് തോമസ് പെറ്റി സെമിനാരിയിലും തുടർന്നു മംഗലാപുരം സെന്റ് ജോസഫ് മേജർ സെമിനാരിയിലും ഏറെ വൈകാതെ റോമിലെ പ്രൊപ്പഗാന്ത ഫിദെയിലും വൈദിക പരിശീലനം പൂർത്തീകരിച്ചു. 1958 നവംബർ ഇരുപത്തിമൂന്നിനു റോമിൽ പ്രൊപ്പഗാന്ത കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്റ്റ് ആയിരുന്ന കർദിനാൾ അഗജീനിയന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് റോമിൽ പഠനം പൂർത്തീകരിച്ച് പിഎച്ച്ഡി കരസ്ഥമാക്കി.
1962ൽ കേരളത്തിൽ തിരിച്ചെത്തിയപ്പോൾ കോട്ടയം വടവാതൂർ സെമിനാരിയിലെ ഫിലോസഫി പ്രഫസറായി നിയമിതനായി. 1965ൽ റോമിലെ പ്രൊപ്പഗാന്ത കോളജിലെ വൈസ് റെക്ടറായി നിയമിതനായി. 1969ൽ പിതാവ് തിരികെ നാട്ടിലെത്തി വടവാതൂർ സെമിനാരിയുടെ റെക്ടറായി നിയമിതനായി. പിന്നീട് 1973ൽ പാലാ രൂപതയുടെ സഹായ മെത്രാനായി. 1973 ഒാഗസ്റ്റ് 15ന് കാർഡിനൽ ജോസഫ് പാറേക്കാട്ടിൽനിന്ന് മേൽപട്ട ശുശ്രൂഷ സ്വീകരിച്ചു.
1981ൽ, പാലാ രൂപതയുടെ ആദ്യമെത്രാനായിരുന്ന സെബാസ്റ്റ്യൻ വയലിലിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. 23 വർഷം രൂപതയെ നയിച്ചശേഷം 2004 മേയ് മാസം രണ്ടിനാണ് മാർ ജോസഫ് കല്ലറങ്ങാട്ടിനു സ്ഥാനം കൈമാറിയത്. ഇപ്പോൾ അദ്ദേഹം പാലാ ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിക്കുന്നു. അഖില കേരള സംയുക്ത ക്രൈസ്തവ മദ്യവർജന സമിതിയുടെ പ്രസിഡന്റായി 1978 മുതൽ പ്രവർത്തിച്ച അദ്ദേഹം ജനകീയ മദ്യവിരുദ്ധമുന്നണിയുടെ ചെയർമാനുമായിരുന്നു. കെസിബിസി, സിബിസിഐ തലങ്ങളിൽ ദൈവവിളി കമ്മീഷനുകളുടെ ചെയർമാനായും ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
