India - 2025

റവ. ഡോ. തോമസ് തറയിലിന്റെ മെത്രാഭിഷേകം ഏപ്രില്‍ 23 ന്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

സ്വന്തം ലേഖകന്‍ 11-04-2017 - Tuesday

പാലാ: ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ റവ. ഡോ. തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഏപ്രില്‍ 23 ന് നടക്കാനിരിക്കെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പുതുഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചങ്ങനാശ്ശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും.

തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം സിബിസിഐ പ്രസിഡന്‍റ് കര്‍ദി. ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ക്നാനായ യാക്കോബായ സഭയുടെ അധ്യക്ഷനായ കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രസംഗവും നടത്തും. മെത്രാഭിഷേക ശുശ്രൂഷയുടെ നടത്തിപ്പിനായി ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിലും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ ഇടവകയിലും വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. ആര്‍ഭാടരഹിതമായും ആത്മീയ ഒരുക്കങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടുമുള്ള ക്രമീകരണങ്ങളാണ് നടത്തുന്നതെന്ന് അതിരൂപതാ കാര്യാലയത്തില്‍ നിന്ന് അറിയിച്ചു.


Related Articles »