Question And Answer - 2025

എന്താണ് വിശ്വാസം?

YOUCAT 05-12-2015 - Saturday

വിശ്വാസം എന്നാൽ അറിവിന്റെ മറ്റൊരു രൂപമാണ്. സകല സമ്പത്തിന്റെയും ഉടയവനായ ദൈവതിരുമുൻപിൽ നാം തീക്ഷ്ണതയോടെ ചോദിക്കുമ്പോള്‍ അത് ലഭിക്കുമെന്ന ഉറപ്പും കൂടിയാണ് വിശ്വാസം. നമുക്കു നിത്യരക്ഷ പ്രാപിക്കണമെങ്കില്‍ തികച്ചും അത്യാവശ്യമായിരിക്കുന്ന അതിസ്വാഭാവികശക്തിയാണ് ഈ ഘടകം.

എയര്‍പോര്‍ട്ടില്‍ ഒരു പാരച്യൂട്ടുകാരന്‍ ക്ലര്‍ക്കിനോട് ചോദിച്ചു, "പാരച്യൂട്ട് സുരക്ഷിതമായി എടുത്തുവെചിട്ടുണ്ടോ?". ക്ലാര്‍ക്ക് സന്ദര്‍ഭോചിതമായി ഇങ്ങനെ മറുപടി നൽകി, "ഞാനങ്ങനെ വിശ്വസിക്കുന്നു". ആ ഉത്തരത്തിൽ അയാള്‍ തൃപ്തനായില്ല. അക്കാര്യം തീര്‍ച്ചയാണോ എന്നറിയാന്‍ അയാള്‍ ആഗ്രഹിക്കുന്നു.

ഇനി മറ്റൊരു സാഹചര്യത്തിൽ, അയാള്‍ തന്‍റെ ഒരു സുഹൃത്തിനോട് പാരച്യൂട്ട് പായ്ക്ക് ചെയ്യുവാന്‍ ആവശ്യപ്പെടുകയാണെന്നു കരുതുക. അപ്പോള്‍ ആ സുഹൃത്ത് മുന്‍പറഞ്ഞ ചോദ്യത്തിനു ഇങ്ങനെ മറുപടി പറയും: "ഉവ്വ്, ഞാന്‍ തന്നെയാണ് പായ്ക്ക് ചെയ്തത്. നിനക്ക് എന്നെ വിശ്വസിക്കാം." അപ്പോള്‍ പാരച്യൂട്ടുകാരന്‍റെ മറുപടി ഇങ്ങനെ ആയിരിന്നു: "ഞാന്‍ നിന്നെ വിശ്വസിക്കുന്നു".

രണ്ടാമത്തെ സാഹചര്യത്തിൽ വിശ്വാസത്തിന്റെ വേറിട്ട ഒരു ഭാവം പ്രകടമാകുന്നു. ഇതിന് കാരണം അദേഹത്തിന് ഉറപ്പ് ലഭിച്ചുവെന്നത് തന്നെ. അത്തരത്തിലുള്ള ഒരു വിശ്വാസമാണ് വാഗ്ദത്ത നാട്ടിലേക്ക് യാത്ര ചെയ്യാന്‍ അബ്രഹാത്തെ പ്രേരിപ്പിച്ചത്.

ഒരു വ്യക്തി ദൈവികപദ്ധതിക്കായി വിളിക്കപ്പെടുമ്പോൾ അയാള്‍ക്ക് സ്വതന്ത്രമായ മനസ്സും വ്യക്തമായ ധാരണാശക്തിയുമുണ്ടായിരിക്കണമെന്ന് വിശ്വാസം ആവശ്യപ്പെടുന്നു. വിശ്വാസം തികച്ചും സുനിശ്ചിതമാണെന്ന് നിസംശയം പറയാം. കാരണം യേശു അതിനു ഉറപ്പു നല്‍കുന്നു.

യേശുവിന്റെ സജീവ സ്നേഹത്തിലേക്കു നയിക്കുന്നില്ലെങ്കില്‍ വിശ്വാസം അപൂര്‍ണ്ണമാണ്. ദൈവത്തിന്‍റെ വചനം കൂടുതല്‍ ഗ്രഹിക്കുകയും പ്രാര്‍ത്ഥനയില്‍ അവിടത്തോട് ആഴമായ ആശയവിനിമയത്തിലേക്കു പ്രവേശിക്കുകയും ചെയ്യുമ്പോള്‍ നമ്മിലെ വിശ്വാസം വളരുന്നു.

സ്വര്‍ഗ്ഗത്തിലെ സന്തോഷത്തിന്‍റെ മുന്നാസ്വാദനം ഭൂമിയിൽ വിശ്വാസം വഴിയായി ദൈവം നമുക്കു നല്‍കുന്നു എന്ന യാഥാർഥ്യം നാം പലപ്പോളും ചിന്ദിക്കാത്ത ഒരു കാര്യമാണ്.

രക്തസാക്ഷികള്‍ മരണം വരെ വിശ്വാസത്തില്‍ ഉറച്ചു നില്ക്കാന്‍ കാരണമായത് ആ വിശ്വാസപ്രമാണം തന്നെ. എന്നും മതപീഡനത്തില്‍ ക്രിസ്ത്യാനികളെ താങ്ങിനിറുത്തുന്നത് ആ വിശ്വാസമാണ്. മുഴുവന്‍ വ്യക്തിയെയും ആശ്ലേഷിക്കുന്ന വിശ്വാസമാണ് ക്രിസ്തുവിൽ കേന്ദ്രീകൃതമായ വിശ്വാസം.


Related Articles »