India - 2025
കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ 28നു ആരംഭിക്കും
സ്വന്തം ലേഖകന്‍ 25-04-2017 - Tuesday
കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ ദേശീയ ഉദ്ഘാടനം 28നു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ചടങ്ങിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു മാർ തോമാശ്ലീഹാ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ, ദൈവദാസൻമാരായ മാർ മാത്യു മാക്കിൽ, പുത്തൻപറന്പിൽ തൊമ്മച്ചൻ, വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ തുടങ്ങിയവരുടെ ഛായാ ചിത്രങ്ങൾ രാവിലെ 11ന് സമ്മേളനസ്ഥലത്ത് എത്തിച്ചേരും.
1904ൽ മാന്നാനത്തു നടന്ന നാല്പതുമണി ആരാധനയിൽ നിധീരിക്കൽ മാണിക്കത്തനാരാണു കത്തോലിക്കർക്ക് ഒരു സമുദായ സംഘടന വേണമെന്ന ആവശ്യം ഉന്നയിച്ചത്. പിന്നീട് 1918ൽ ചങ്ങനാശേരി രൂപത മെത്രാൻ മാർ തോമസ് കുര്യാളശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കത്തോലിക്കാ കോണ്‍ഗ്രസിനു രൂപം നൽകുകയായിരിന്നു.
ശതാബ്ദി ആഘോഷ ചടങ്ങില്‍ കോട്ടയം അതിരൂപത വികാരി ജനറൽ മോണ്‍. മൈക്കിൾ വെട്ടിക്കാട്ട്, ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടർ ഫാ. ഫ്രാൻസിസ് കാരുവേലി, സംസ്ഥാന നേതാക്കളായ സൈബി അക്കര, ബേബി പെരുമാലി, ഡേവിഡ് തുളുവത്ത്, ടോണി ജോസഫ്, സാജു അലക്സ്, ഡേവിഡ് പുത്തൂർ, പ്രഫ.ജോസുകുട്ടി ഒഴുകയിൽ, ടോമി ഇളന്തോട്ടം, ജാൻസെൻ ജോസഫ് പുതുപ്പറന്പിൽ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനം കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി അഗസ്റ്റിൻ അധ്യക്ഷതവഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ മുഖ്യപ്രഭാഷണവും ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹപ്രഭാഷണവും നടത്തും. യോഗത്തിൽ സച്ചിദാനന്ദ സ്വാമി മാനവ മൈത്രി സന്ദേശം നൽകും.
കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയേസ് ഇഞ്ചനാനിയിൽ, ഡയറക്ടർ ഫാ. ജിയോ കടവി, കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയനിലം, ജോസ് കെ. മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ന്യൂനപക്ഷ കമ്മിഷൻ അംഗം ബിന്ദു തോമസ്, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിഎഫ് വൈസ് പ്രസിഡന്റ് സെലിൻ സിജോ, ട്രഷറർ ജോസ്കുട്ടി മാടപ്പള്ളി തുടങ്ങിയവർ പ്രസംഗിക്കും.
