India - 2025
മിഷന് കോണ്‍ഗ്രസ്-ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് നാളെ ആരംഭിക്കും
സ്വന്തം ലേഖകന്‍ 25-04-2017 - Tuesday
കൊച്ചി: ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിഷൻ കോണ്‍ഗ്രസ് - ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ (ജിജിഎം) നാളെ ആരംഭിക്കും. അങ്കമാലി കറുകുറ്റി അഡ്ലക്സ് കണ്വൻഷൻ സെന്ററിൽ (ക്രൈസ്റ്റ് നഗർ) നടക്കുന്ന കോണ്‍ഗ്രസ് 30നു സമാപിക്കും. മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും ലക്ഷ്യമിടുന്ന മിഷൻ കോണ്‍ഗ്രസിൽ മിഷൻ പ്രദർശനം, വിവിധ വിഭാഗത്തിലുള്ളവർക്കു വേണ്ടിയുള്ള കൂട്ടായ്മകൾ, കണ്‍വൻഷനുകൾ, മിഷൻ ധ്യാനം എന്നിവ നടക്കും.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനു മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം. 1000 രൂപയാണു പ്രവേശന ഫീസ്. മിഷൻ കോണ്‍ഗ്രസിലെ മറ്റു പരിപാടികളിൽ പ്രവേശനം സൗജന്യമാണ്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണു മിഷൻ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മിഷണറിമാർ തങ്ങളുടെ പ്രവർത്തനങ്ങൾ പ്രദർശനത്തിൽ സന്ദർശകർക്കു പരിചയപ്പെടുത്തും.
സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ആർച്ച്ബിഷപ് മാർ തോമസ് മേനാംപറന്പിൽ തുടങ്ങിയ ഇരുപതോളം മെത്രാന്മാർ വിവിധ ദിവസങ്ങളിലായി മിഷൻ കോണ്‍ഗ്രസിൽ പങ്കെടുക്കും. മിഷൻ കൂട്ടായ്മകൾ ദിവസവും രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെയാണു നടക്കുക.
26നു സെന്റ് പോൾസ് ഹാളിൽ സന്യാസിനികളുടെ കൂട്ടായ്മ, സെന്റ് പീറ്റേഴ്സ് ഹാളിൽ വൈദികരുടെ കൂട്ടായ്മ, സെന്റ് വിൻസെന്റ് ഹാളിൽ ബൈബിൾ പകർത്തിയെഴുത്തു മത്സരത്തിൽ (സ്ക്രിപ്ത്തുറ) പങ്കെടുത്തവരുടെ സംഗമം എന്നിവ നടക്കും. 27നു ഫാത്തിമ ശതാബ്ദി ആഘോഷം, അധ്യാപകരുടെ സംഗമം, പ്രോലൈഫ് കൂട്ടായ്മ എന്നിവയാണു നടക്കുന്നത്. 28നു മിഷൻ ഇന്ത്യ വണ്‍, തെക്കൻ കേരളത്തിലെ കുട്ടികളുടെ സംഗമം, അന്യഭാഷകളിൽ ബൈബിൾ പകർത്തിയെഴുത്തു മത്സരത്തിൽ പങ്കെടുത്തവരുടെ സംഗമം എന്നിവ നടക്കും.
29നു മിഷൻ ഇന്ത്യ, വടക്കൻ കേരളത്തിലെ കുട്ടികളുടെ സംഗമം, വിൻസൻഷ്യൻ ആത്മീയതയുടെ 400-ാം വാർഷികാഘോഷം എന്നിവയുണ്ടാകും. സമാപന ദിവസമായ 30നു യുവജന സംഗമം മിഷൻ ഇന്ത്യ, ഡോക്ടർമാരുടെ സംഗമം എന്നിവ നടക്കും. ഫാ. ഷാജി തുമ്പേചിറയിലിന്റെ നേതൃത്വത്തിൽ പ്രാർഥനാ സംഗീത നിശ- പളുങ്കുകടൽ 29നു നടക്കും.
