India - 2025
ഫാ. ജോസ് കരിവേലിക്കല് കെസിബിസി വിദ്യാഭ്യാസ സെക്രട്ടറി
സ്വന്തം ലേഖകന്‍ 10-05-2017 - Wednesday
തൊടുപുഴ: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയായി ഫാ. ജോസ് കരിവേലിക്കലിനെ തിരഞ്ഞെടുത്തു. കേരളത്തിലെ കത്തോലിക്ക സ്കൂളുകളുടെ മാനേജേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായും ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയമനം. ഇന്ന് ഒൗദ്യോഗികമായി ചുമതലയേൽക്കും. മേരികുളത്ത് കരിവേലിക്കൽ ജോർജിന്റയും അന്നമ്മയുടേയും അഞ്ചാമത്തെ മകനാണ് ഫാ. ജോസ്.1990 മുതൽ മൂവാറ്റുപുഴ നിർമല സ്കൂൾ ഹോസ്റ്റൽ വാർഡനായും തുടര്‍ന്നു ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2003-ൽ ഇടുക്കി രൂപത രൂപം കൊണ്ടപ്പോൾ രൂപത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായി. എട്ടാംക്ലാസിലെ കുട്ടികളുടെ സമഗ്ര പരിശീലന പരിപാടി സക്സസ് മൈൻഡ്, എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളുടെ പഠന മികവ് ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത വിജയമന്ത്ര, നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന ജീവകാരുണ്യ സ്കോളർഷിപ്പ്, കുട്ടികളുടെ ചികിത്സയ്ക്കുവേണ്ടി നടപ്പിലാക്കിയ സ്നേഹനിധി, സ്കൂൾ കൗണ്‍സിലിംഗ് പദ്ധതിയായ ക്യാറ്റ് തുടങ്ങി നിരവധി പദ്ധതികള്‍ ഫാ. ജോസ് കരിവേലിക്കലിന്റെ സംഭാവനകളാണ്.
