India
ബൈബിള്‍ മെഗാഷോയ്ക്ക് ഇന്നു തിരശീല വീഴും
സ്വന്തം ലേഖകന്‍ 10-05-2017 - Wednesday
കൊച്ചി: കലാസ്വാദകരുടെ ഹൃദയങ്ങളില്‍ വിസ്മയങ്ങളും വിശ്വാസതീക്ഷ്ണതയും പകര്‍ന്നു ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോയ്ക്ക് അങ്കമാലിയില്‍ ഇന്നു സമാപനം. നവ്യമായ അരങ്ങനുഭവങ്ങളുടെ സന്ധ്യകള്‍ സമ്മാനിച്ചാണു പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി രംഗാവിഷ്‌കാരം നിര്‍വഹിച്ച എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയ്ക്ക് ഇന്നു തിരശീല വീഴുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്ററാണ് അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബൈബിള്‍ മെഗാഷോ സംഘടിപ്പിച്ചത്. കഴിഞ്ഞ അഞ്ചു മുതല്‍ ദിവസവും വൈകുന്നേരം 6.30നും 9.30നും അരങ്ങേറിയ മെഗാഷോ തിങ്ങിനിറഞ്ഞ സദസിനു മുമ്പിലാണ് അവതരിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മെഗാഷോ കാണാന്‍ ആളുകളെത്തി.
കൂറ്റന്‍ വേദിയില്‍ ഇരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള സെറ്റുകള്‍, നാനാജാതി മതസ്ഥരായ 150 കലാകാരന്മാര്‍, ഒട്ടകങ്ങള്‍ കുതിരകള്‍ ഉള്‍പ്പടെ അമ്പതോളം പക്ഷിമൃഗാദികള്‍, അത്യാധുനിക സാങ്കേതിക വിദ്യകളുടെ സന്നിവേശം, ഡിടിഎസ് ശബ്ദവിന്യാസം, കംപ്യൂട്ടര്‍ സംവിധാനത്തിലുള്ള പ്രകാശ വിനിമയം, ഹൃദയം തൊടുന്ന സംഗീതം, ചടുലമായ നൃത്തങ്ങള്‍ എന്നിവയെല്ലാം കാണികളില്‍ വിസ്മയമായി.
ശീതീകരിച്ച താത്കാലിക ഓഡിറ്റോറിയത്തിലിരുന്നാണു കാണികള്‍ മെഗാഷോ ആസ്വദിച്ചത്. ഓഡിറ്റോറിയത്തിന്റെ നടുവിലുള്ള റാമ്പിലൂടെ കഥാപാത്രങ്ങളും ഒട്ടകങ്ങളും, കുതിരകളും മറ്റു പക്ഷിമൃദാഗികളും അഭിനയമികവൊരുക്കിയപ്പോള്‍ സദസില്‍ കൈയടികളുയര്‍ന്നു.
ബൈബിളിലെ ഉല്പത്തി മുതല്‍ ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണം വരെയുള്ള സംഭവങ്ങളാണു മെഗാഷോയിലൂടെ രംഗത്ത് അവതരിപ്പിച്ചത്. തിരുവനന്തപുരം സ്വദേശി ആര്‍.പി. പ്രദീഷ് ക്രിസ്തുവിന്റെ വേഷത്തില്‍ വേദിയിലെത്തി. ചങ്ങനാശേരി സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്ററിനു വേണ്ടി മാര്‍ ക്രിസോസ്‌റ്റോം ഗ്ലോബല്‍ ഫൗണ്ടേഷന്‍, സൂര്യ തിയേറ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണു മെഗാഷോ ഒരുക്കിയത്.
കഴിഞ്ഞ ഞായറാഴ്ച കനത്ത മഴയെത്തുടര്‍ന്നു മാറ്റിവച്ച രണ്ടു പ്രദര്‍ശനങ്ങളാണ് ഇന്നു നടക്കുകയെന്നു സുബോധന ഡയറക്ടര്‍ ഫാ. ഷിനു ഉതുപ്പാന്‍ അറിയിച്ചു.
