India - 2025
നവോത്ഥാന ദര്‍ശനങ്ങള്‍ വഴി കേരളം ഭാരതത്തിന് മാതൃകയാകണം: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 31-05-2017 - Wednesday
കൊച്ചി: നവോത്ഥാന ദർശനങ്ങളുടെ പ്രയോഗത്തിൽ കേരളം ഭാരതത്തിനാകെയും മാതൃകയാവണമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ശ്രീനാരായണ സഹോദരസംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ നടന്ന മിശ്രഭോജന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ഐക്യത്തിനു വേണ്ടിയും അതിനു വിരുദ്ധമായ ജാതി ചിന്തയ്ക്കെതിരായും ശബ്ദമുയർത്തുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനുഭാവനാണു സഹോദരൻ അയ്യപ്പൻ. ദേശീയതലത്തിൽ ഡോ. ബി.ആർ. അംബേദ്കറെപ്പോലെ മലയാളികൾക്കിടയിൽ നവോത്ഥാനത്തിനു നേതൃത്വം കൊടുത്തവരാണ് ശ്രീനാരായണഗുരു, ചട്ടന്പി സ്വാമികൾ, സഹോദരൻ അയ്യപ്പൻ, അയ്യങ്കാളി എന്നിവർ.
വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ സാമൂഹ്യസമത്വം സാധ്യമാക്കാൻ നടത്തിയ ശ്രമങ്ങളിലൂടെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും കേരളത്തിലെ നവോത്ഥാന നായകരുടെ പട്ടികയിൽ ഇടം പിടിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെ ഉച്ഛാടനം ചെയ്യുന്നതിനായുള്ള ആശയരൂപീകരണത്തിൽ അയ്യപ്പൻ യുക്തിവാദിയായി നിലകൊണ്ടു. എന്നാൽ ഈശ്വരനിഷേധമോ മതനിഷേധമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യമെന്നു ന്യായമായും ചിന്തിക്കാവുന്നതാണ്.
സഹോദരൻ അയ്യപ്പന്റെ മിശ്രഭോജന ശതാബ്ദി ആഘോഷങ്ങൾ ഇതിനുപകരിക്കണം. ഇതുപോലുള്ള നവോത്ഥാന പരിശ്രമങ്ങൾ സമുദായങ്ങളെ നവീകരിക്കുന്നതിനും ഐക്യത്തിൽ കൊണ്ടുവരുന്നതിനും അതുവഴി ദേശീയോദ്ഗ്രഥനം സാധിക്കുന്നതിനും പര്യാപ്തമാണെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു.
