News
ഞാൻ എന്റെ ബൈബിളുമായാണ് സഞ്ചരിക്കുന്നത്, എപ്പോഴും വായിക്കുന്നു: ഉസൈന്‍ ബോള്‍ട്ട്
പ്രവാചകശബ്ദം 08-09-2025 - Monday
കിങ്സ്റ്റണ്‍: ബൈബിളുമായാണ് എപ്പോഴും സഞ്ചരിക്കുന്നതെന്നു ലോക അത്‌ലറ്റിക്‌സിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട്. കഴിഞ്ഞ ദിവസം 'What I’ve Learnt' എന്ന ഫീച്ചറിനു വേണ്ടി 'ദി ടൈംസി'നു അനുവദിച്ച അഭിമുഖത്തിലാണ് ബോൾട്ട് ഇക്കാര്യം പറഞ്ഞത്. ക്രിസ്ത്യാനിയായി ജീവിക്കുന്നതു തന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ബൈബിള്‍ എപ്പോഴും വായിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
"ഞാൻ ഒരു ക്രിസ്ത്യാനിയായാണ് വളർന്നത്. അത് എന്റെ ജീവിതത്തിൽ വളരെ പ്രധാനമാണ്. എന്റെ അമ്മ ഇപ്പോഴും പള്ളിയിൽ പോകുന്നു, ഇപ്പോഴും എന്നെ പോകാൻ പ്രോത്സാഹിപ്പിക്കുന്നു. ഞാൻ എന്റെ ബൈബിളുമായി സഞ്ചരിക്കുന്നു. ഇപ്പോഴും അത് വായിക്കുന്നു. ഞാൻ വളരെ അനുഗ്രഹീതനാണ്. ഓടാനും മത്സരിക്കാനും ദൈവം എനിക്ക് സമയം നൽകി"- ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു. തന്റെ ക്രൈസ്തവ വിശ്വാസം മത്സരവേദിയിലും പുറത്തും മുറുകെ പിടിക്കുന്ന താരമാണ് 39 വയസ്സുള്ള ഉസൈന്‍ ബോള്‍ട്ട്.
ജമൈക്കയിൽ സെവൻത് ഡേ അഡ്വെന്റിസ്റ്റു പ്രൊട്ടസ്റ്റന്‍റ് സമൂഹത്തില്‍ വളർന്ന അദ്ദേഹം കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ' എന്ന വിശേഷണമുള്ള ബോൾട്ട് തന്റെ മത്സരങ്ങളില്‍ കുരിശടയാളം വരയ്ക്കുകയും മത്സരങ്ങൾക്ക് മുമ്പ് സ്വർഗത്തിലേക്ക് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത് പതിവായി കാണാമായിരുന്നു. ദൈവമാതാവിന്റെ അത്ഭുത മെഡല്‍ എപ്പോഴും ധരിച്ചാണ് അദ്ദേഹം മത്സരത്തിന് ഇറങ്ങാറുള്ളതെന്നതും ശ്രദ്ധേയമാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
